
കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തുകൊണ്ട് രാഷ്ട്രത്തിനു സമർപ്പിച്ചത് മൂന്ന് വൻ പദ്ധതികളാണ്. ഷിപ്പിംഗ് മേഖലയിൽ നിരവധി തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്നതിനൊപ്പം വിദേശ നാണ്യം നേടിത്തരാനും ഉതകുന്ന പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു. കൊച്ചി ഷിപ്പ്‌യാർഡിൽ പുതിയ ഡ്രൈ ഡോക്, രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണികേന്ദ്രം, പുതുവൈപ്പിനിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ നിർമ്മിച്ച എൽ.പി.ജി ഇറക്കുമതി ടെർമിനൽ എന്നിവയാണ് പ്രധാനമന്ത്രി കേരളത്തിൽ ഉദ്ഘാടനം ചെയ്ത 4000 കോടി രൂപയോളം മുടക്കുമുതൽ വരുന്ന മൂന്ന് പദ്ധതികൾ.
ഗുരുവായൂരിലെയും തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെയും ദർശനവും, സുരേഷ് ഗോപിയുടെ മകൾ ഭാഗ്യാ സുരേഷിന്റെ വിവാഹത്തിലും പങ്കെടുത്ത ശേഷമാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തി ഈ പദ്ധതികൾ ഉദ്ഘാടനം ചെയ്തത്. മൂന്നു പദ്ധതികളും ഒന്നിനൊന്ന് വ്യത്യസ്തവും ഇന്ത്യയുടെ, പ്രത്യേകിച്ച് കേരളത്തിന്റെ പുരോഗതിക്കും വികസനത്തിനും പുതിയ വാതായനങ്ങൾ തുറന്നിടാൻ പോന്നവയുമാണ്. ഷിപ്പ് യാർഡിൽ 1800 കോടി രൂപ ചെലവഴിച്ചാണ് ഡ്രൈ ഡോക് നിർമ്മിച്ചിരിക്കുന്നത്. മാരിടൈം രംഗത്തെ ഇന്ത്യയുടെ എൻജിനിയറിംഗ് വൈഭവം വ്യക്തമാക്കുന്ന നിർമ്മിതിയാണിത്. 70000 ടൺ വരെ ഭാരമുള്ള വിമാന വാഹിനികൾ, കൂറ്റൻ ചരക്കു കപ്പലുകൾ, എൽ.എൻ.ജി കപ്പലുകൾ തുടങ്ങിയവ നിർമ്മിക്കാനും കൈകാര്യം ചെയ്യാനുമുള്ള ശേഷി ഈ ഡ്രൈ ഡോക്കിനുണ്ട്.
പൂർണതോതിൽ പ്രവർത്തനസജ്ജമാകുമ്പോൾ 2000 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കും. വലിയ കപ്പലുകൾ നിർമ്മിക്കാനും അറ്റകുറ്റപ്പണികൾ നടത്താനുമുള്ള പണിശാലയാണ് ഡ്രൈ ഡോക്ക്. കപ്പൽ നിർമ്മാണത്തിനും മറ്റും മുൻപ് ഇന്ത്യ വിദേശ രാജ്യങ്ങളെയാണ് സമീപിച്ചിരുന്നത്. അറ്റകുറ്റപ്പണിക്കുള്ള ചെലവ് യൂറോപ്യൻ രാജ്യങ്ങളെയും യു.എസിനെയും അപേക്ഷിച്ച് ഇന്ത്യയിൽ കുറവായതിനാൽ നിരവധി രാജ്യങ്ങൾ ഇത്തരം കാര്യങ്ങൾക്കായി ഇനി കൊച്ചിൻ ഷിപ്പ്‌യാർഡിനെയാവും സമീപിക്കുക. ഇതുവഴി വൻതോതിൽ വിദേശ നാണ്യം നേടാനുമാവും.
രണ്ടാമത്തെ പദ്ധതിയായ ആഗോള കപ്പൽ റിപ്പയറിംഗ് കേന്ദ്രത്തിൽ ഒരേസമയം ഏഴു കപ്പലുകൾ വരെ അറ്റകുറ്റപ്പണികൾ നടത്താനാകും. 970 കോടി രൂപയാണ് മുതൽമുടക്ക്. ഒരുവർഷം 150 കപ്പലുകൾ വരെ അറ്റകുറ്റപ്പണി നടത്താനാവുന്ന സംവിധാനമാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. വെല്ലിങ്‌ടൺ ഐലന്റിലെ കൊച്ചിൻ പോർട്ടിന്റെ 42 ഏക്കർ ഭൂമി പാട്ടത്തിനെടുത്താണ് രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണികേന്ദ്രം നിർമ്മിച്ചത്. കൊച്ചിയിലെ പുതുവൈപ്പിനിൽ 1236 കോടി രൂപ ചെലവിലാണ് പുതിയ എൽ.പി.ജി ഇറക്കുമതി ടെർമിനൽ തയ്യാറാക്കിയിട്ടുള്ളത്. ദക്ഷിണേന്ത്യയിലെ പാചക വാതക ആവശ്യകത നിറവേറ്റാൻ കഴിയുന്ന വിധത്തിലാണ് ഇതൊരുക്കിയിരിക്കുന്നത്. എതിർപ്പുകൾ മൂലം അഞ്ചുവർഷത്തോളം വൈകിയത് നിർമ്മാണച്ചെലവ് പല തവണ വർദ്ധിക്കാൻ ഇടയാക്കിയെങ്കിലും ഇപ്പോഴെങ്കിലും പൂർത്തിയാക്കാനായത് വലിയ നേട്ടമായിത്തന്നെ കരുതണം. കേരളത്തിലെ ഗാർഹിക, വ്യവസായിക ആവശ്യങ്ങൾക്ക് പാചകവാതകം ലഭ്യമാക്കാൻ ഈ കേന്ദ്രത്തിനാകും.
ഈ പദ്ധതികൾ നേരിട്ടു നൽകുന്ന ജോലികൾക്കു പുറമെ പരോക്ഷമായും നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഇതിന്റെ ഏറ്റവും വലിയ പ്രയോജനം ലഭിക്കുക കേരളത്തിലെ യുവതീയുവാക്കൾക്കായിരിക്കും.
ഈ പദ്ധതികൾ പൂർണതോതിൽ പ്രവർത്തിച്ചു തുടങ്ങുന്നതോടെ മാരിടൈം വ്യവസായ മേഖലയിലെ ആഗോള കേന്ദ്രമായാവും കൊച്ചി മാറുക. ഈ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കാനായത് തന്റെ സൗഭാഗ്യമായാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ചടങ്ങിൽ കേരളത്തിന്റെ നന്ദി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയെ അറിയിക്കുകയും ചെയ്തു.