
കോവളം : മുല്ലൂർ മണലി ശിവദാസ മന്ദിരത്തിൽ റിട്ട. സ്കൂൾ ഹെഡ്മാസ്റ്റർ ആർ. കൃഷ്ണൻ പണിക്കർ (താടി സ്വാമി ) 100-ാം വയസിൽ സമാധിയായി. ഇന്നലെ രാവിലെ മകളുടെ വീടായ കിടാരക്കുഴി ലക്ഷ്മി നിവാസിൽ രാവിലെ 7.30 ഓടെ ധ്യാനത്തിലിരിക്കെയായിരുന്നു സമാധി. ഗുരുദേവ ഭക്തരായിരുന്ന മണലി രാമൻ പണിക്കരുടെയും കല്യാണി അമ്മയുടെയും നാലാമത്തെ മകനായി ജനിച്ചു. കട്ടച്ചൽകുഴി എസ്.എൻ യു.പി സ്കൂളിലും വെങ്ങാനൂർ ബോയിസ് ഹൈസ്കൂളിലെ വിദ്യാഭ്യാസം. തുടർന്ന് വിവിധ സ്കൂളുകളിൽ അദ്ധ്യാപകനായും ഒടുവിൽ വെങ്ങാനൂർ ഗവ. മുടിപ്പുരനട എൽ.പി സ്കൂളിൽ ഹെഡ്മാസ്റ്ററായി വിരമിച്ചു. ആത്മീയ മേഖലകളിൽ നിറ സാന്നിദ്ധ്യമായിരുന്ന താടി സ്വാമി വർഷങ്ങളായി കാട്ടാക്കട പരുത്തിപള്ളി മണ്ണൂർക്കര സിദ്ധ സമാജത്തിലെ (സിദ്ധാശ്രമം) പ്രധാന അംഗമായിരുന്നു. ലളിതമായ വെള്ളനിറത്തിലുള്ള വസ്ത്രമായിരുന്നു ജീവിതാവസാനം വരെയും ധരിച്ചിരുന്നത്. സമാധിയാകുന്നതിന് മുമ്പ് തന്നെ തനിക്കുള്ള സമാധി പീഠം ഒരുക്കി വെച്ചിരുന്ന വിവരം ആശ്രമം അധികൃതരെ അറിയിച്ചിരുന്നു. ഇന്നലെ രാത്രി 8 ഓടെ ആശ്രമത്തിലെ പുരോഹിതന്മാരുടെ സാന്നിദ്ധ്യത്തിൽ വീടിന് സമീപത്തെ പ്രത്യേകം തയാറാക്കിയ കെട്ടിടത്തിൽ സമാധിയിരുത്തി. റിട്ട. അദ്ധ്യാപികയായ പി. തുളസീഭായിയാണ് ഭാര്യ.ശിവദാസ്കുമാർ , ഗോപകുമാർ , അനിൽകുമാർ , അജയകുമാർ , പ്രീത, പ്രിയ,പ്രീജ എന്നിവർ മക്കളും പരേതയായ സുജാത , ജയശ്രീ , സൂര്യകുമാരി, ടി.എ കമൽജിത്ത്, ജി. സദാശിവൻ, ബിജു എം.എസ്, രവീന്ദ്രൻ. എസ് എന്നിവർ മരുമക്കളുമാണ്. സമാധിക്ക് ശേഷമുള്ള യതി പൂജ ചടങ്ങുകൾ ഫെബ്രുവരി 1ന് കിടാക്കുഴി ലക്ഷ്മി നിവാസിൽ നടക്കും.