kollampuzha

വക്കം: കൊല്ലമ്പുഴ പാലത്തിനു സമീപം കൊടുംവളവിൽ അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കൾ കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഒരുപോലെ ഭീഷണിയാവുന്നു. വളവിൽ റോഡിന്റെ ഇരുവശങ്ങളിലും വൻ കുഴിയായതിനാൽ സുരക്ഷാവേലി സ്ഥാപിച്ചിട്ടുണ്ട്. എന്നാലിപ്പോൾ സുരക്ഷാവേലിയും മറച്ച് പുല്ലും പാഴ്ച്ചെടികളും വളർന്നിരിക്കുന്നു. കാടുമൂടിയ നിലയിലുള്ള ഈ പ്രദേശത്താണിപ്പോൾ മാലിന്യങ്ങൾ വലിച്ചെറിയുന്നത്. മാംസാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൊണ്ടുതള്ളുന്നതാണ് പ്രദേശങ്ങളിൽ തെരുവുനായ്ക്കളുടെ എണ്ണം കൂടാൻ കാരണം. മാംസാവശിഷ്ടങ്ങൾ ഉൾപ്പെടെ ഭക്ഷിക്കാനെത്തുന്ന തെരുവുനായ്ക്കൾ റോഡിലൂടെ നടന്നുപോകുന്നവരേയും ഇരുചക്രവാഹനയാത്രികരെയും പിന്തുടർന്ന് ഉപദ്രവിക്കാൻ ശ്രമിക്കുന്നു. അപ്രതീക്ഷിതമായി പൊന്തക്കാടുകളിൽ നിന്നും റോഡിലേക്ക് ചാടുന്ന തെരുവുനായ്ക്കൾ പ്രധാനമായും ഇരുചക്രവാഹനങ്ങൾക്ക് ഭീഷണിയാണ്. ആറ്റിങ്ങൽ,കടയ്ക്കാവൂർ അതിർത്തി പങ്കിടുന്ന പ്രദേശത്താണ് തെരുവുനായശല്യം രൂക്ഷമാവുന്നത്. കീഴാറ്റിങ്ങൽ മിൽകോ കഴിഞ്ഞ് 500 മീറ്ററോളം വരുന്ന കൊടും വളവിലാണ് പുല്ലും മറ്റു പാഴ്ച്ചെടികളും വളർന്നുകിടക്കുന്നത്. ഏതാണ്ട് 12 അടിയോളം ഉയരമുള്ള ചെടികൾ വളവിലേക്കെത്തുന്ന വാഹനങ്ങൾക്ക് എതിർദിശയിലെത്തുന്ന വാഹനങ്ങളെ കാണാൻ കഴിയാത്തവിധം കാഴ്ച മറച്ചാണ് റോഡിലേക്ക് ചാഞ്ഞുകിടക്കുന്നത്. അടിയന്തരമായി അപകടകരമായ പുല്ലുകൾ വെട്ടി, മാലിന്യം നീക്കം ചെയ്ത് തെരുവുവിളക്കുകൾ പ്രകാശിപ്പിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

 അമിത വേഗതയും അപകടങ്ങളും

രാത്രികാലങ്ങളിൽ തെരുവുവിളക്കുകൾ പ്രകാശിക്കാത്തതും വാഹനയാത്രക്കാർക്ക് ബുദ്ധിമുട്ടുളവാക്കുന്നു. കടയ്ക്കാവൂർ പഞ്ചായത്തിൽ ഉൾപ്പെട്ട പ്രദേശത്താണ് മാലിന്യം അധികവും തള്ളുന്നത്. കൂടാതെ വീതി കുറഞ്ഞ റോഡിന്റെ വളവിൽ സ്വകാര്യ ബസുകളുടെ അമിതവേഗവും യാത്രക്കാരെ അപകടത്തിലാക്കുന്നു. തിരക്കുള്ള റോഡിൽ അമിത വേഗതയിൽ വരുന്ന വാഹനങ്ങളിൽ നിന്ന് രക്ഷനേടാനായി കാൽനടയാത്രക്കാരും ഇരുചക്രവാഹനങ്ങളും ഒഴിഞ്ഞു മാറുമ്പോഴാണ് പലപ്പോഴും അപകടം സംഭവിക്കുന്നത്. കൂടാതെ കൊല്ലമ്പുഴ പാലത്തിന്റെ കൈവരിയുടെ ഉയരക്കുറവ് ഇതുവഴിയുള്ള കാൽനടയാത്രക്കാർക്ക് വലിയ വാഹനങ്ങൾ വരുമ്പോൾ ഭീഷണിയാകുന്നു. അപകടം പതിയിരിക്കുന്നതായുള്ള സൂചനാ ബോർഡുകൾ ഒന്നുംതന്നെ ഇവിടെ സ്ഥാപിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ ബന്ധപ്പെട്ടവർക്ക് പരാതിയും നിവേദനവും നൽകിയെങ്കിലും യാതൊരു പ്രയോജനവുമില്ല.