കിളിമാനൂർ:കാട്ടുപന്നിക്ക് പുറമെ തെരുവുനായ ശല്യവും കൂടിയായതോടെ പൊറുതിമുട്ടി നാട്ടുകാർ.പഴയകുന്നുമ്മൽ പഞ്ചായത്തിന്റെ വിവിധ ഇടങ്ങളിലാണ് തെരുവുനായ ശല്യം രൂക്ഷമായിരിക്കുന്നത്. സന്ധ്യ കഴിഞ്ഞാൽ തെരുവുനായ്ക്കൾ പ്രദേശം കൈയടക്കുകയാണ്.ഒറ്റയ്ക്കും കൂട്ടമായുമെത്തുന്ന ഇവ കാൽനടയാത്രക്കാരെ ആക്രമിക്കുന്നതും പതിവാണ്.

പുലർച്ചെ പ്രഭാത സവാരിക്കിറങ്ങുന്നവരും പത്രവിതരണത്തിന് എത്തുന്നവരും പലപ്പോഴും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെടുന്നത്.രണ്ട് ദിവസം മുൻപ് അടയമണിൽ തെരുവുനായ ആക്രമണത്തിൽ വിദ്യാർത്ഥിനിയുൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. വളർത്തു മൃഗങ്ങളെയും നായ കടിച്ചിരുന്നു. കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്,പ്രൈവറ്റ് സ്റ്റാൻഡ്,മാഹേശ്വരം മാർക്കറ്റ് എന്നിവിടങ്ങളിൽ സദാ സമയവും ഇവറ്റകളെ കാണാം. നായ്ക്കൾ കുറുകെ ചാടി ഇരുചക്ര വാഹനങ്ങളിലെത്തുന്നവർ അപകടത്തിൽപ്പെടുന്നതും നിത്യസംഭവമാണ്. വന്ധ്യംകരണം ചെയ്ത നായ്ക്കളെ ഉൾപ്പെടെ വാഹനങ്ങളിൽ കൊണ്ടുവന്ന് ആളൊഴിഞ്ഞ സ്ഥലങ്ങളിൽ ഉപേക്ഷിക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു.