ss

അച്ഛന്റെ പേരിൽ പാർട്ടിയുണ്ടാക്കി ചേട്ടൻ ജഗൻ മോഹൻ റെഡ്ഡി ആന്ധ്രാ മുഖ്യമന്ത്രിക്കസേരയിലേക്ക് നടന്നു കയറിയതു പോലെ, തെലങ്കാന പിടിക്കാൻ പദയാത്രയുമായി പുറപ്പെട്ടതാണ് പെങ്ങൾ

യെദുഗുരി സണ്ടിന്തി ശർമ്മിള റെഡ്ഡി എന്ന വൈ.എസ്. ശർമ്മിള. ആന്ധ്രയിൽ വൈ.എസ്.ആർ. കോൺഗ്രസ് എന്ന പേരിനെ അനുകരിച്ച് വൈ.എസ്.ആർ തെലങ്കാന പാർട്ടിയെന്ന പേരിലായിരുന്നു തെലങ്കാന പ്രവേശം. പക്ഷെ, ശർമ്മിളയെ വന്ന വഴിയേ തിരികെയെത്തിച്ച കോൺഗ്രസ് നേതൃത്വം, ഇപ്പോൾ അവരെ ആന്ധ്രാ പി.സി.സി അദ്ധ്യക്ഷയുമാക്കി!

ആന്ധ്രയിൽ കോൺഗ്രസിന് നഷ്ടപ്പെടാൻ ഒന്നുമില്ല. അവിടെ വട്ടപ്പൂജ്യം. അങ്ങനെ 'ബിഗ് സീറോ' ആക്കിയതിൽ മുഖ്യപങ്ക് വഹിച്ചത് ജഗൻ മോഹൻ റെഡ്ഡിയാണ്. ഒപ്പം നിന്നത് ശർമ്മിളയും അമ്മ വിജയമ്മയും. കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായി നിന്ന് ജ്യേഷ്ഠനെതിരെ ശർമ്മിള പടപ്പുറപ്പാട് നടത്തുമോ, അതോ അച്ഛനും കോൺഗ്രസും തമ്മിലുള്ള ബന്ധം പറഞ്ഞ് ജഗനെ വീണ്ടും കോൺഗ്രസ് പാളയത്തിലെത്തിക്കുമോ? ഏപ്രിലിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിർണ്ണായക സംഭവവികാസങ്ങൾക്ക് ആന്ധ്ര സാക്ഷിയാകുമെന്നുറപ്പ്.

ആന്ധ്രയിലെ നേതാക്കന്മാരോട് തെലങ്കാന ജനതയ്ക്ക് പൊതുവേ മമതയൊന്നും ഇല്ലെങ്കിലും വൈ.എസ്. രാജശേഖര റെഡ്ഡി പൊതുസമ്മതനായിരുന്നു. അച്ഛനോടുള്ള ഈ ഇഷ്ടം മുതലാക്കി തെലങ്കാന പിടിക്കുക ലക്ഷ്യമിട്ടാണ് ശർമ്മിള അങ്ങോട്ടുപോയത്. രണ്ടുപാർട്ടികളിലൂടെ ആന്ധ്രയും തെലങ്കാനായും 'രാജണ്ണ രാജ്യം' ആകുമെന്ന തരത്തിൽ രാഷ്‌ട്രീയ നിരീക്ഷണങ്ങളും വന്നു. മുഖ്യമന്ത്രിയായിരുന്ന കെ.ചന്ദ്രശേഖര റാവുവിനെ വെല്ലുവിളിച്ച് ശർമ്മിള പദയാത്ര തുടങ്ങി. യാത്ര പുരോഗമിക്കുമ്പോഴൊക്കെ തെലങ്കാനയുടെ രാഷ്ട്രീയ ചിത്രവും മാറിക്കൊണ്ടിരുന്നെങ്കിലും ഒരിക്കലും അത് ശർമ്മിളയ്ക്ക് അനുകൂലമായിരുന്നില്ല.

കർണ്ണാടക തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തെലങ്കാനയിലും കോൺഗ്രസ് ശക്തി പ്രാപിച്ചു. ഭരണവിരുദ്ധ വികരം കോൺഗ്രസിന് അനുകൂലമായി മാറിയതോടെ ശർമ്മിളയുടെ യാത്രയുടെ വേഗത കുറഞ്ഞു. പിന്നെ ഡി.കെ. ശിവകുമാർ വഴി കോൺഗ്രസിലേക്ക് കടന്നുകയറാൻ ശ്രമിച്ചു. എം.എൽ.എ സീറ്റ് തരപ്പെടുത്തിയെടുക്കുകയായിരുന്നു ലക്ഷ്യമെന്ന് പ്രചാരണമുണ്ടായി. പക്ഷെ, അടവുകളെല്ലാം പയറ്റി കളംനിറഞ്ഞു നിന്ന അന്നത്തെ കോൺഗ്രസ് പി.സി.സി പ്രസി‌‌‌ഡന്റ് രേവന്ത് റെഡ്ഡി ആ പരിസരത്തേക്ക് ശർമ്മിളയെ അടുപ്പിച്ചില്ല. അങ്ങനെ സംഭവിച്ചാൽ ഭാവിയിലുണ്ടാകുന്ന 'അപകടം' രേവന്തിന് നന്നായി അറിയാമായിരുന്നു.

തെലങ്കാനയിൽ പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോഴേക്കെ ശർമ്മിള ഹൈദരാബാദിലുണ്ടായിരുന്നു. എന്നാൽ കോൺഗ്രസ് നേതാക്കളാരും അവരെ പ്രചാരണ വേദികളിലേക്ക് ക്ഷണിച്ചില്ല. തിരഞ്ഞെടുപ്പും കഴിഞ്ഞ് ആഹ്ലാദാരവങ്ങൾ അടങ്ങി, ആന്ധ്രയിൽ തിരഞ്ഞെടുപ്പിന് മുന്നൊരുക്കം തുടങ്ങാറായപ്പോൾ ശ‌ർമ്മിളയ്ക്ക് കോൺഗ്രസ് അംഗത്വം നൽകി. ഒരു പകുതിവാരം കൂടി ആകുംമുമ്പെ ശർമ്മിള പാർട്ടി സംസ്ഥാന പ്രസി‌‌ഡന്റ്. പേരിന് ഒരു എം.എൽ.എ പോലും ആന്ധ്രയിൽ കോൺഗ്രസിനില്ല.

പറഞ്ഞതൊക്കെ

വിഴുങ്ങിത്തുടങ്ങി

2009-ൽ രാജശേഖര റെഡ്ഡി അപ്രതീക്ഷിതമായി ഹെലികോപ്ടർ അപകടത്തിൽ മരിച്ചു. ഇതിനു പിന്നാലെ സംസ്ഥാന വ്യാപകമായി ജഗൻമോഹൻ നടത്തിയ ഒടർപ്പ് യാത്ര, അദ്ദേഹവും കോൺഗ്രസ് ഹൈക്കമാൻഡും തമ്മിലുള്ള അസ്വാരസ്യങ്ങൾക്ക് വഴിവച്ചു. റെഡ്ഡിയുടെ മരണശേഷം ജഗനെ മുഖ്യമന്ത്രിയാക്കണമെന്ന വൈ.എസ്.വിജയമ്മ ഉൾപ്പെടെയുള്ളവരുടെ ആവശ്യം നിരസിച്ചതാണ് യാത്രയ്ക്കു കാരണം.

കലഹം മൂർച്ഛിച്ചതോടെ ജഗനും സംഘവും കോൺഗ്രസ് വിട്ടു. 2011-ൽ വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി രൂപീകരിച്ചു.

കടപ്പ മണ്ഡലത്തിൽ നിന്നുള്ള എം.പിയായിരുന്നു അന്ന് ജഗൻ. എം.പി സ്ഥാനം രാജിവച്ചു. അമ്മയും പുലിവെന്ദുല മണ്ഡലത്തിൽനിന്നുള്ള എം.എൽ.എയും ആയിരുന്ന വൈ.എസ്. വിജയമ്മയും മറ്റു പല കോൺഗ്രസ് നേതാക്കളും രാജിവച്ചു. ഇതോടെ പലയിടത്തും ഉപതിരഞ്ഞെടുപ്പുകളും നടന്നു. കോൺഗ്രസ് തകരുകയും ജഗന്റെ നേതൃത്വത്തിൽ വൈ.എസ്.ആർ.സി.പി ആന്ധ്രയിൽ കരുത്താർജിക്കുകയും ചെയ്തു.

2012-ൽ സി.ബി.ഐ. രജിസ്റ്റർ ചെയ്ത അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജഗൻ മോഹൻ റെഡ്ഡി ജയിലിലായപ്പോൾ വിജയമ്മയും ശർമ്മിളയും ചേർന്നായിരുന്നു സംസ്ഥാനത്ത് ആകമാനം പദയാത്രകൾ സംഘടിപ്പിച്ചത്. 16 മാസത്തെ ജയിൽവാസം കഴിഞ്ഞ് ജഗൻ പുറത്തെത്തി. 2019 നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് ആന്ധ്രാപ്രദേശിൽ ടി.ഡി.പിക്കെതിരെ ശർമിള നയിച്ച 'ബൈ ബൈ ബാബു യാത്ര'യും വൈ.എസ്.ആർ.സി.പിയുടെ വിജയത്തിനു പിന്നിലെ മുഖ്യഘടകങ്ങളിലൊന്നായിരുന്നു. ഒരു ഘട്ടത്തിൽ ജഗന്റെ അമ്പ് എന്നാണ് അവർ സ്വയം വിശേഷിപ്പിച്ചത്.

ചേട്ടനുമായി

പിണങ്ങിയോ?

വൈ.എസ്.ആർ.സി.പി രൂപവത്കരണത്തിനും അധികാരലബ്ദ്ധിക്കും പിന്നാലെ ശർമ്മിളയും ജഗൻമോഹൻ റെഡ്ഡിയും തമ്മിൽ അസ്വാരസ്യങ്ങൾ രൂപപ്പെട്ടു തുടങ്ങിയെന്നാണ് ഇപ്പോൾ കേൾക്കുന്നത്. പാർട്ടിയുടെ നാഷണൽ കൺവീനർ ആയിരുന്ന ശർമ്മിളയുടെ രാഷ്ട്രീയമോഹങ്ങൾ ജഗൻ പരിഗണിച്ചില്ലത്രേ. മാത്രമല്ല, അതിസമ്പന്നമായ വൈ.എസ്.ആർ. കുടുംബസ്വത്ത് പങ്കിടലുമായി ബന്ധപ്പെട്ട തർക്കങ്ങളും സഹോദരങ്ങൾ തമ്മിലുള്ള ബന്ധം വഷളാക്കിയെന്ന് റിപ്പോർട്ടുകളുണ്ട്. പ്രശ്നപരിഹാരത്തിന് അമ്മ വിജയമ്മ നേരിട്ടിറങ്ങിയെങ്കിലും ഫലവത്തായില്ലെന്നും ശർമ്മിളയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.

പൊതുചടങ്ങുകളിൽപ്പോലും പരസ്പരം മുഖംകൊടുക്കാതെ പോകുന്ന ജഗനെയും ശർമ്മിളയെയും കാണാമായിരുന്നു. രാജശേഖര റെഡ്ഡിയുടെ സഹോദരൻ വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതകവും കേസിലെ പ്രതിയായ അവിനാശ് റെഡ്ഡിയോടുള്ള ജഗന്റെ സമീപനവും ശർമ്മിള- ജഗൻ ബന്ധം കൂടുതൽ വഷളാക്കിയെന്നാണ് വിലയിരുത്തപ്പെടുന്നത്. 2021 വരെ വൈ.എസ്.ആർ.സി.പിയുടെ നേതൃനിരയിൽ ശർമ്മിളയുമുണ്ടായിരുന്നു. എന്നാൽ നിയമസഭയിലേക്കോ ലോക്‌സഭയിലേക്കോ സ്ഥാനാർത്ഥിയായി അവരെ കണ്ടതേയില്ല. വൈ.എസ്.ആർ.സി.പിയുടെ ആദ്യവർഷങ്ങളിൽ അമ്മ വിജയമ്മയുടെ പിന്തുണയും ജഗനായിരുന്നു. അഭിപ്രായവ്യത്യാസങ്ങൾ രൂക്ഷമായതോടെ സ്വന്തം പാർട്ടി രൂപീകരിക്കാൻ ശർമ്മിള തീരുമാനിക്കുകയായിരുന്നു.

കൊന്നവർ തന്നെ

പുനരുജ്ജീവിപ്പിക്കണം

രാഷ്ട്രീയത്തിൽ ഇത്തരം ഫ്ലാഷ്ബാക്കുകൾ നേരും നുണയും ചേർത്ത് സൃഷ്ടിച്ചെടുക്കാറുണ്ട്. സ്വന്തം പാർട്ടി പ്രവർത്തകർക്ക് ധൈര്യമായി വിശ്വസിക്കാനാണ് ഇതൊക്കെ. അമ്മയും മക്കളും നേരത്തേ ഉടക്കിപ്പിരിഞ്ഞത് സാക്ഷാൽ സോണിയാ ഗാന്ധിയോടാണ്. അന്നത്തെ കോൺഗ്രസ് അധികാര കേന്ദ്രത്തെ വെല്ലുവിളിച്ചാണ് ആന്ധ്രയിൽ കോൺഗ്രസ് മുടിച്ചത്. അങ്ങനെ കോൺഗ്രസിനെ കൊന്നവരെത്തന്നെ, പാർട്ടിയെ പുനുരുജ്ജീവിപ്പിക്കാനുള്ള ദൗത്യമേല്പിച്ച കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ കൗശലബുദ്ധിക്കാണ് നൂറു മാർക്ക്.