
വർക്കല: സമുദ്ര ഉപരിതല ജലകായിക വിനോദമാണ് സർഫിംഗ്. ഗോവ മുതൽ പോണ്ടിച്ചേരി വരെയുള്ള രാജ്യത്തെ അനേകം തീരദേശ പട്ടണങ്ങളിൽ സർഫിംഗിന് അനുയോജ്യമായ നിരവധി സ്ഥലങ്ങളുണ്ട്. തുടക്കക്കാർക്കും പ്രൊഫഷണലുകൾക്കും അനുയോജ്യമായ ഇടങ്ങളാണ് ഇവയെങ്കിലും ഇന്ത്യയിലെ ക്ലാസിക് സർഫ് സ്പോട്ട് വർക്കലയാണ്.
കടൽത്തീരത്തിന് സമാന്തരമായി ഒഴുകുന്ന ലോംഗ്ഷോർ പ്രവാഹങ്ങളുടെ ദിശ വളരെ പ്രധാനമാണ്. ഇത് ആഞ്ഞടിക്കുന്ന തിരമാലകൾക്ക് തൊട്ടുതാഴെ സർഫറെ ലൈനപ്പിലേക്ക് കൊണ്ടുവരുന്നു. ഇത്തരത്തിൽ സുരക്ഷിതവും വ്യത്യസ്തവുമായ ഒട്ടനവധി അനുകൂല ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയുടെ സർഫിംഗ് പറുദീസയായി വർക്കല മാറുന്നത്.
ഇന്റർനാഷണൽ സർഫിംഗ്
ഫെസ്റ്റിവൽ വർക്കലയിൽ
ഈ വർഷത്തെ ആദ്യ ഇന്റർനാഷണൽ സർഫിംഗ് ഫെസ്റ്റിവൽ മാർച്ച് 29,30,31 തീയതികളിൽ വർക്കലയിൽ നടക്കും. കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി,തിരുവനന്തപുരം ഡി.ടി.പി.സി എന്നിവർ ചേർന്ന് സർഫിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യയുമായി സഹകരിച്ച് അന്താരാഷ്ട്ര സർഫിംഗ് അസോസിയേഷനാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ സർഫിംഗ് അത്‌ലറ്റുകൾ വിവിധ വിഭാഗങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കും. സർഫിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യ ഗവേർണിംഗ് ബോഡിയുടെ സാങ്കേതിക പിന്തുണയും മത്സരങ്ങളിലുണ്ടാകും. സർഫിംഗ് കായിക വിനോദത്തെ പ്രോത്സാഹിപ്പിക്കുകയും കേരളത്തെ ഇന്ത്യയിലെ സർഫിംഗ് ഇനത്തിന്റെ ക്യാപിറ്റൽ സ്റ്റേറ്റാക്കി മാറ്റുകയുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.
വർക്കലയിലെ സർഫിംഗ്
പരിശീലനവും കാലാവസ്ഥയും
ജല കായിക പ്രേമികൾക്ക് സർഫിംഗ് ആസ്വദിക്കാനുള്ള അവസരമാണ് വർക്കലയിൽ ഒരുങ്ങുന്നത്. പാപനാശം, ബ്ലാക്ക് ബീച്ച്,ഇടവ,വെറ്റക്കട ബീച്ചുകളിൽ വിദേശികളും അന്യസംസ്ഥാന സഞ്ചാരികളും സർഫിംഗ് പരിശീലനം നടത്തുന്നുണ്ട്. അന്താരാഷ്ട്ര സർഫിംഗ് അസോസിയേഷന്റെ സർട്ടിഫിക്കേഷനോടെ പരിശീലനം നടത്തുന്ന ഏഴോളം സർഫിംഗ് ക്ലബുകളും വർക്കലയിലുണ്ട്. മൺസൂണിന് മുൻപും മൺസൂണിന് ശേഷമുള്ള കാലം (മാർച്ച്-മേയ്, ഒക്ടോബർ - നവംബർ) തീരത്ത് വലിയ തിരമാലകളായിരിക്കും. പരിശീലനം സിദ്ധിച്ചവർക്കും ഇത് ഏറെ ആവേശഭരിതമാണ്. ചെറിയ തിരമാലകളുള്ള ശീതകാലം (ഡിസംബർ-ഫെബ്രുവരി) തുടക്കക്കാർക്ക് പരിശീലനത്തിന് അനുയോജ്യമാണ്. മാസ്റ്ററിംഗിന് അനുയോജ്യമായ സർഫ് ഉപകരണങ്ങൾ താത്പര്യം ഉണർത്തുന്നതും ശൈലിയുമായി പൊരുത്തപ്പെടുന്നതുമായിരിക്കണം.സർഫിംഗ് ബോർഡിന്റെ വലിപ്പത്തിനും വോളിയത്തിനും വ്യത്യസ്ത ആവശ്യകതകൾ അനുസരിച്ച് പരിശീലകന്റെ ഉപദേശം തേടാം.
സർഫിംഗിന് അനുയോജ്യം
സർഫിംഗിന് അനുയോജ്യമായ റോക്കി പോയിന്റ് ബ്രേക്കുകളും ബീച്ച് ഓപ്ഷനുകളും വർക്കലയിലുണ്ട്. ഓരോ കടൽത്തീരവും വ്യത്യസ്തമാണ്. സ്ഥിരതയാർന്ന തിരമാലകളാണ് വർക്കലയിലേത്.