kpcc

തിരുവനന്തപുരം: കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി പുന:സംഘടനയിൽ ഗ്രൂപ്പുഭേദമന്യേ ഒരു വിഭാഗത്തിന് അതൃപ്തി. 36 അംഗങ്ങളുള്ള സമിതി ജംബോ കമ്മിറ്റിയായി മാറിയെന്നാണ് ആക്ഷേപം. നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുന്ന സമിതിയിൽ ഇതോടെ ഫലപ്രദമായ ചർച്ചയ്ക്ക് വഴിയടഞ്ഞു. ഗ്രൂപ്പ് അടിസ്ഥാനത്തിൽ ചില നേതാക്കളെ ഉൾപ്പെടുത്തിയപ്പോൾ അർഹരായ ചിലരെ ഉൾപ്പെടുത്തിയില്ല.

ചില ജില്ലകളിൽ നിന്നുള്ള നേതാക്കളുടെ പ്രാതിനിധ്യം ഉയർന്നപ്പോൾ ചില മുതിർന്ന നേതാക്കൾ തഴയപ്പെട്ടു. സജീവമായി പ്രവർത്തനരംഗത്ത് ഇല്ലാത്ത ചില നേതാക്കളെ ഉൾപ്പെടുത്തി. എം.പിമാരെയും എം.എൽ.എമാരെയും സമിതിയിൽ ഉൾപ്പെടുത്തിയതിന്റെ മാനദണ്ഡം എന്താണെന്ന് വ്യക്തമാകുന്നില്ലെന്നും വിമർശനമുയർന്നു.

2022 ജൂലായിൽ കോഴിക്കോട്ട് കെ.പി.സി.സി സംഘടിപ്പിച്ച നവസങ്കൽപ്പ് ചിന്തൻ ശിബിരത്തിൽ ഒരാൾക്ക് ഒരു പദവിയെന്ന രീതി നടപ്പാക്കാൻ തീരുമാനിച്ചിരുന്നു. അത് അട്ടിമറിക്കപ്പെട്ടു. രാഷ്ട്രീയകാര്യ സമിതി അംഗത്വം കൂടിയായതോടെ ചിലർക്ക് ഒന്നിലേറെ പദവികൾ ലഭിച്ച സാഹചര്യമുണ്ടായെന്നും ആരോപണമുണ്ട്.

 തുടക്കം 21 അംഗങ്ങളുമായി

2016ൽ രാഷ്ട്രീയകാര്യസമിതി രൂപീകരിക്കുമ്പോൾ 21 അംഗങ്ങളായിരുന്നു. പിന്നീട് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാരായി പി.ടി.തോമസും ടി.സിദ്ദിഖും നിയമിതരായപ്പോൾ അവരെക്കൂടി ഉൾപ്പെടുത്തി അംഗബലം 23 ആക്കി. അതേസമയം, സമിതിയിലെ ഒഴിവുകൾ നികത്തുന്നതിനൊപ്പം സാമുദായിക, ഗ്രൂപ്പ് പരിഗണനകൾ കൂടി വന്നതോടെയാണ് അംഗബലം കൂടിയതെന്നും വിലയിരുത്തലുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള പുന:സംഘടനയായതിനാൽ ഇതുകൂടി പരിഗണിക്കുകയായിരുന്നു.