minister-veena-visit

പേരൂർക്കട: ദുരിതങ്ങളിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ട് കരുത്തരായ ദമ്പതികളെ കാണാൻ മന്ത്രിയെത്തി. പാലിയേറ്റീവ് കെയർ വാരാചരണവുമായി ബന്ധപ്പെട്ട് ''ഞാനുമുണ്ട് പരിചരണത്തിന് '' എന്ന കാമ്പെയിനിന്റെ ഭാഗമായാണ് കാൻസർ ബാധിതരായ വയലിക്കട അമ്പലത്തറ പുത്തൻവീട്ടിൽ കെ.എസ്.വേണുഗോപാലൻ നായർ (72),ഭാര്യ അംബികാദേവി (66) എന്നിവരെ കാണാനാണ് മന്ത്രി വീണാ ജോർജ് എത്തിയത്.

10 വർഷം മുമ്പ് കാൻസർ ബാധിതനായ വേണുവിന് ഇതുവരെ 50ലേറെ ശസ്ത്രക്രിയകൾ നടത്തിക്കഴിഞ്ഞു. തൊണ്ടയിലൂടെ ഭക്ഷണം കഴിക്കാൻ സാധിക്കാത്തതിനാൽ വയറിൽ മെഷീൻ സ്ഥാപിച്ചശേഷം പ്രത്യേക ട്യൂബുവഴി ദ്രവരൂപത്തിലുള്ള ആഹാരമാണ് എട്ടുവർഷമായി നൽകുന്നത്. ഒരുവർഷം മുമ്പ് ഭാര്യ അംബികയും കാൻസർ ബാധിതയായി. ജീവിതം കൈവിട്ടുപോയ സാഹചര്യത്തിൽ നിന്നാണ് ഇവരും അദ്ഭുതകരമായി തിരിച്ചുവന്നത്.

വീട്ടിലെത്തിയ മന്ത്രി വിവരങ്ങൾ ചോദിച്ചറിഞ്ഞു. സംസാരിക്കാൻ കഴിയില്ലെങ്കിലും ആംഗ്യഭാഷയിലൂടെ വേണുഗോപാലൻ നായർ പറഞ്ഞ കാര്യങ്ങൾ ഭാര്യയും മകളും മന്ത്രിയോട് വിശദീകരിച്ചു. ഇവരുടെ മനോബലം രോഗികൾക്ക് കരുത്താണെന്ന് മന്ത്രി പറഞ്ഞു. വി.കെ.പ്രശാന്ത് എം.എൽ.എ,മേയർ ആര്യാ രാജേന്ദ്രൻ,ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ബിന്ദു മോഹൻ തുടങ്ങിയവരുമെത്തിയിരുന്നു.