
വിട പറഞ്ഞിട്ട് 48 ദീർഘവർഷങ്ങൾ പിന്നിടുമ്പോഴും ടി.കെ. ദിവാകരൻ എന്ന അതുല്യ പ്രതിഭ നമ്മുടെ ഓർമ്മകളിൽ സുഗന്ധം പരത്തി. നക്ഷത്രദീപ്തിയോടെ നിൽക്കുന്നു. ഒരിക്കലും വിശ്രമിക്കാത്ത മനുഷ്യൻ, തീവ്രമായ വായനാസക്തിയുള്ളവൻ, ബുദ്ധിമാനായ ട്രേഡ് യൂണിയൻ പ്രവർത്തകൻ, പ്രഗത്ഭനായ പാർലമെന്റേറിയൻ, മികവുറ്റ ഭരണാധികാരി, ധീരനായ വിപ്ളവകാരി, അന്തർമുഖനും മിതഭാഷിയുമെങ്കിലും ഉജ്ജ്വലനായ വാഗ്‌മി, സുസ്‌മേരവദനനും ക്ഷമാശീലനുമാണെങ്കിലും തോൽക്കാൻ മനസ്സില്ലെന്ന മനക്കരുത്തിന് ഉടമ, സർവ്വോപരി തൊഴിലാളി വർഗത്തിന്റെയും സാധാരണക്കാരുടെയും രക്ഷകനായ പോരാളി. ഇതെല്ലാം ഒത്തുചേരുന്ന വ്യക്തിത്വം ഒരു വിസ്മയമല്ലേ?
മരിക്കുമ്പോൾ അദ്ദേഹത്തിന് 56 വയസിന്റെ ചെറുപ്പമായിരുന്നു. 1966 ഫെബ്രുവരിയിലാണ് ഞാൻ അദ്ദേഹത്തെ കണ്ടുമുട്ടുന്നത്. അന്ന് ടി.കെ. ദിവാകരൻ കൊല്ലം മുനിസിപ്പൽ ചെയർമാനാണ്. കൊച്ചുപിലാമ്മൂട് ബീച്ചിനരികത്ത് ഒരു പാർക്ക് (മഹാത്മാഗാന്ധി പാർക്ക്) നിർമ്മിക്കുന്നതിന് എന്റെ സേവനം ആവശ്യപ്പെട്ട് അദ്ദേഹം എന്നെ ഓഫീസിൽ കാണാൻ വരികയായിരുന്നു. കൂടെ സി.പി.ഐ നേതാവും കൊല്ലം മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായിരുന്ന കടപ്പാക്കട ചന്ദ്രശേഖരനുമുണ്ടായിരുന്നു.
മുനിസിപ്പാലിറ്റിയിൽ ഡെപ്യൂട്ടേഷനിൽ പോകാൻ താത്പര്യമില്ലെന്ന് ഞാൻ മുനിസിപ്പൽ ഡയറക്ടറെ അറിയിച്ചതിനാലാണ് എന്നെ നേരിൽ കാണാൻ അവരെത്തിയത്. മുനിസിപ്പാലിറ്റിയിൽ പോകുന്നതിന് നിരുത്സാഹപ്പെടുത്തിയത് എന്റെ സഹപ്രവർത്തകരായ സുഹൃത്തുക്കളായിരുന്നു. അവിടെ രാഷ്ട്രീയക്കാരുടെ ശല്യമുണ്ടാകുമെന്നൊക്കെ പറഞ്ഞു. മ്യൂസിയം മൃഗശാലാവകുപ്പിൽ ബോട്ടാണിക് ഗാർഡന്റെ അസിസ്റ്റന്റ് ക്യുറേറ്ററായിരുന്നു അന്ന് ഞാൻ. എന്റെ താത്പര്യക്കുറവ് മുഖത്തുനിന്ന് വായിച്ചെടുത്തിട്ടാകാം, ചെറുചിരിയോടെ ടി.കെ. ചോദിച്ചു: 'എന്താ, കൊല്ലത്തുവന്ന് ഞങ്ങളെ സഹായിച്ചുകൂടേ?" ഞാൻ ചില തടസവാദങ്ങളൊക്കെ പറഞ്ഞുനോക്കിയെങ്കിലും തന്ത്രപരമായ ഇടപെടലിലൂടെ അദ്ദേഹം എന്നെക്കൊണ്ട് അതു സമ്മതിപ്പിച്ചു.
വൈകാതെ എനിക്ക് ഡെപ്യൂട്ടേഷൻ ഉത്തരവു കിട്ടി. അതുമായി ഞാൻ കൊല്ലം മുനിസിപ്പാലിറ്റി ഓഫീസിൽ ചെന്ന് ചെയർമാനെ കണ്ടപ്പോൾ വലിയ സന്തോഷമായിരുന്നു. ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി, രവീന്ദ്രന്റെ പ്രവർത്തനങ്ങൾക്ക് ഒരു തടസവും ഉണ്ടാകരുതെന്നും നിർദ്ദേശം കൊടുത്തു. മുനിസിപ്പൽ എൻജിനിയർ സി.കെ. ഭരതന്റെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ. കടൽക്കരയിലെ മണൽ പ്രദേശമാണ് പാർക്കിനായി ഒരുക്കിയിട്ടിരുന്നത്. അവിടെ ചെടികളും മരങ്ങളും വളരുന്നതിന് അനുയോജ്യമായ മണ്ണ് വെളിയിൽ നിന്ന് കൊണ്ടുവരണമായിരുന്നു. പണികൾ മുന്നേറുമ്പോൾ പ്രതിപക്ഷ പാർട്ടികൾ ആക്ഷേപം പറഞ്ഞുതുടങ്ങി. ചിന്നക്കടയിൽ പൊതുയോഗം ചേർന്ന് ചെയർമാനെയും എന്നെയും മറ്റും ആക്ഷേപിച്ച് പ്രസംഗം തുടങ്ങി. ''തിരുവനന്തപുരത്തു നിന്ന് ഭാരിച്ച ശമ്പളംകൊടുത്ത് ഒരുത്തനെ കൊണ്ടുവന്നിരിക്കുന്നു. അയാൾ നമ്മുടെ മനോഹരമായ ബീച്ച് കുളംകോരിയിട്ടിരിക്കുന്നു!""പ്രസംഗമങ്ങനെ തകർത്തുകൊണ്ടിരിക്കുമ്പോൾ അതാ വരുന്നു, കടപ്പാക്കട ചന്ദ്രശേഖരൻ. എന്നെ തേടി വന്നതാണ്. സംസാരിച്ചപ്പോൾ, അദ്ദേഹത്തിന്റെ വരവ് ടി.കെ. പറഞ്ഞുവിട്ടിട്ടാണെന്ന് മനസ്സിലായി. ഈ വിമർശനങ്ങളെക്കെ കേട്ട് ഞാൻ ഇട്ടെറിഞ്ഞുപോയാലോ എന്നായിരുന്നു അദ്ദേഹത്തിന് ആശങ്ക.
ഞാൻ അത്ഭുതപ്പെട്ടുപോയി. ചെറിയ കാര്യങ്ങൾ പോലും മുൻകൂട്ടി കാണാനുള്ള ആ ഉൾപ്രേരണ ആശ്ചര്യകരമാണ്. ഞാൻ വീണ്ടും ധൈര്യവാനായി. അപ്പോഴാണ് പാർക്കിന് എതിർവശമുള്ള കൊല്ലം തോടിനു ചേർന്ന് ഒരു നീണ്ടപ്രദേശം കാടുപിടിച്ചുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ചെയർമാനോട് ഇക്കാര്യം ചർച്ച ചെയ്തു. സ്ഥലം വിട്ടുതന്നാൽ ഞാനവിടൊരു വൃക്ഷാരാമം (Arboretum) ഉണ്ടാക്കാമെന്ന് പറഞ്ഞു. സ്ഥലം പക്ഷേ റവന്യു വകയായിരുന്നു. ചെയർമാൻ ഇടപെട്ട് അനുമതി ശരിയാക്കി. തിരുവനന്തപുരം മ്യൂസിയം ഗാർഡനിൽനിന്ന് പലതരം മരങ്ങൾ കൊണ്ടുവന്ന് അവിടെ നട്ടുപിടിപ്പിച്ചു. പാർക്കിന്റെ പണി ആറുമാസംകൊണ്ട് പൂർത്തീകരിച്ചു. ടി.കെ. ദിവാകരന്റെ മുനിസിപ്പൽ ഭരണത്തിൽ തിളക്കമാർന്ന നേട്ടമായി ഈ പാർക്കിനെ കൊല്ലം നിവാസികൾ ഉൾക്കൊണ്ടു. കൊല്ലം പട്ടണത്തിൽ ഞാൻ പ്രശസ്തനാവുകയും നാനാ തുറകളിലായി ധാരാളം സുഹൃത്തുക്കളെ ലഭിക്കുകയും ചെയ്തു. മഹാത്മാഗാന്ധി പാർക്ക് മാത്രമല്ല, കൊല്ലം പബ്ളിക് ലൈബ്രറിയും ലാൽ ബഹാദൂർ സ്റ്റേഡിയവുമൊക്കെ
ടി.കെയുടെ വികസനത്തിന്റെ മായാമുദ്രകളായി നിലനിൽക്കുന്നു.
പാർക്കിന്റെ പണി പൂർത്തിയാക്കി ഞാൻ തിരുവനന്തപരത്തേക്ക് തിരിച്ചുപോയി. പിന്നീട് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ടി.കെ. ദിവാകരൻ ഇ.എം.എസ് മന്ത്രിസഭയിൽ (1967) പൊതുമരാമത്ത്, മുനിസിപ്പാലിറ്റി, ടൂറിസം വകുപ്പുകളുടെ മന്ത്രിയായി. കുറച്ചുനാൾ കഴിഞ്ഞ്, അദ്ദേഹത്തിന്റെ താത്പര്യപ്രകാരം ഞാൻ ടൂറിസം വകുപ്പിലെത്തി.
മന്ത്രി മന്ദിരങ്ങൾ ഉൾപ്പെടെ ടൂറിസം വകുപ്പിലെയും, മറ്റ് സർക്കാർ സ്ഥാപനങ്ങൾ, പബ്ളിക് പാർക്കുകൾ എന്നിവയുടെയും ഗാർഡൻ അഡ്വൈസർ ആയിട്ടായിരുന്നു നിയമനം. 1976 ജനുവരി 19ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അദ്ദേഹം മരണാസന്നനായി കിടക്കുമ്പോൾ ഞാൻ പോയി കണ്ടു. ഒന്നും സംസാരിക്കാനായില്ല. കണ്ണിൽ ഉറ്റുനോക്കുക മാത്രം ചെയ്തു.
മണിക്കൂറുകൾ കഴിഞ്ഞ് ഡോക്ടർ മാത്യു റോയി മരണം സ്ഥിരീകരിച്ച് അറിയിക്കുമ്പോൾ ഞാൻ അദ്ദേഹത്തിന്റെ ഭാര്യാസഹോദരൻ മണിബെൻസിനോടൊപ്പം അവിടെയുണ്ടായിരുന്നു. പിറ്റേന്ന് മൃതദേഹം കൊല്ലത്തേക്ക് സംസ്കാരത്തിനായി കൊണ്ടുപോകുമ്പോൾ അനുഗമിക്കുന്നവരുടെ നീണ്ട നിരയിൽ ഞാനുമുണ്ടായിരുന്നു. പോകുന്നവഴിക്ക് പണിത്തീർന്ന് ഉദ്ഘാടനത്തിന് മന്ത്രിയെ കാത്തുകിടന്ന ഇത്തിക്കരപ്പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തത് ആ മൃതശരീരം പാലത്തിലൂടെ കടത്തിവിട്ടുകൊണ്ടാണ്! പാലത്തിന്റെ ഉദ്ഘാടന ശിലാഫലകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്: Ithikkara Bridge Opend for Traffic on 20.01.1976 with the passage of the Cortege of Sri. T.K. DIVAKARAN, Honourable Minister for Works, Kerala Staff WHO Expired on 19.01.1976. ലോകത്തെവിടെയാം ഒരു മൃതശരീരം ഉദ്ഘാടന കർമ്മം നിർവഹിച്ച ചരിത്രം ഉണ്ടാകാനിടയില്ല! ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ഇപ്പോൾ ഈ പാലം പുനർനിർമ്മാണഘട്ടത്തിലാണ്. പുതുതായി നിർമ്മിക്കുന്ന പാലത്തിന് ടി.കെ. ദിവാകരന്റെ പേര് നൽകുന്നത് അദ്ദേഹത്തോടു കാട്ടുന്ന വലിയ ആദരവായിരിക്കുമെന്ന് ഞാൻ കരുതുന്നു. ഒരുവേള ജനങ്ങളും ഇത് ആഗ്രഹിക്കുന്നുണ്ടാവും. ഒരു മേഘജ്യോതിസു പോലെ പ്രകാശം പരത്തി മിന്നിമറഞ്ഞ ആ മഹാനുഭാവന്റെ ഓർമ്മകൾക്കു മുന്നിൽ പ്രണാമം.
(മ്യൂസിയം- മൃഗശാലാ വകുപ്പ് മുൻ ഡയറക്ടർ ആണ് ലേഖകൻ. ഫോൺ: 94471 01177)