
തിരുവനന്തപുരം: ''ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന'' എന്ന മുദ്രാവാക്യവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി 20 ന് വൈകിട്ട് അഞ്ചുമണിക്ക് മനുഷ്യച്ചങ്ങല സംഘടിപ്പിക്കും. കാസർകോട് റെയിൽവെ സ്റ്റേഷൻ മുതൽ തിരുവനന്തപുരത്ത് രാജ്ഭവന് സമീപം വരെ തീർക്കുന്ന മനുഷ്യച്ചങ്ങലയിൽ 15 ലക്ഷം പേർ അണിനിരക്കുമെന്ന് സംസ്ഥാന ഭാരവാഹികൾ അറിയിച്ചു.
റെയിൽവേ യാത്രാദുരിതത്തിനും കേന്ദ്രനിയമന നിരോധനത്തിനും കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനുമെതിരെയാണ് ചങ്ങല.
വൈകിട്ട് നാലുമണിയോടെ ദേശീയ പാതയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ എത്തിച്ചേരും. നാലര മണിക്ക് ട്രയൽ തുടങ്ങും. അഞ്ചുമണിക്ക് ഉദ്ഘാടനം. സാമൂഹിക, സാംസ്കാരിക പ്രവർത്തകരും ചങ്ങലയിൽ കണ്ണികളാവും.
ഭീകരാക്രമണവും വിഘടനവാദവും വർഗ്ഗീയ കലാപങ്ങളും വെല്ലുവിളിയായ ഘട്ടത്തിൽ, ഐക്യസന്ദേശവുമായി 1987-ലെ സ്വാതന്ത്ര്യദിനത്തിലാണ് ആദ്യമായി ഡി.വൈ.എഫ്.ഐ കേരളത്തിൽ 693 കിലോമീറ്റർ നീളത്തിൽ മനുഷ്യച്ചങ്ങല തീർത്തത്. അത്യപൂർവ്വമായ ഈ ചങ്ങലയിൽ കണ്ണികളാവാൻ ജനങ്ങൾ ഒഴുകിയെത്തിയപ്പോൾ ചങ്ങല മതിലായതും ചരിത്രമായി.