
ആറ്റിങ്ങൽ : ഒരു വർഷക്കാലമായി വൃക്കകൾ തകരാറിലായി ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്ന ഇടയ്ക്കയോട് പരുത്തിയിൽ എസ്.എസ് നിവാസിൽ സുബിൻലാലിന് കൈത്താങ്ങുമായി ജനമൈത്രി പൊലീസും മോണിറ്ററിംഗ് കമ്മിറ്റിയും. പ്ലസ്ടു വിദ്യാർത്ഥിയായ സുബിൻലാലിന്റെ മാതാവ് മരിച്ചതിനെത്തുടർന്ന് പിതാവ് സുബിനെ ഉപേക്ഷിച്ചു. അസുഖബാധിതനായ സുബിൻലാലിപ്പോൾ മാതൃസഹോദരൻ ജയന്റെ സംരക്ഷണയിലാണ്. കൂലിപ്പണിക്കു പോകുന്ന ജയന്റെ തുച്ഛമായ വരുമാനത്തിലാണ് സുബിൻലാലിന്റെ ചികിത്സ. ആഴ്ചതോറും സുബിന് ഡയാലിസിസ് ചെയ്യേണ്ടതുണ്ട്. സുബിന്റെ അവസ്ഥ നേരിട്ടുകണ്ട് മനസിലാക്കിയ ആറ്റിങ്ങൽ മോണിറ്ററിംഗ് കമ്മിറ്റിയംഗം മുരളി കമ്മിറ്റിയിൽ സുബിന്റെ അവസ്ഥ അവതരിപ്പിക്കുകയും ആറ്റിങ്ങൽ ജനമൈത്രി പൊലീസും മോണിറ്ററിംഗ് കമ്മിറ്റിയും സഹായമെത്തിക്കാൻ തീരുമാനിക്കുകയുമായിരുന്നു. ആറ്റിങ്ങൽ പൊലീസ് എസ്.എച്ച്.ഒ മുരളീകൃഷ്ണനും മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങളും സുബിൻലാലിന്റെ വീട്ടിലെത്തി ചികിത്സാ ധനസഹായവും ഭക്ഷ്യധാന്യങ്ങളും നൽകി. കമ്മിറ്റി കൺവീനർ ആറ്റിങ്ങൽ ബാലകൃഷ്ണൻ,കെ.പി. അനിൽകുമാർ,മുദാക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ,വാർഡ് മെമ്പർ സുചേതകുമാർ,രാധാകൃഷ്ണൻ,സതീജ,ശിശുപാലൻ കുറക്കട,ബാബുരാജ്,പ്രമോദ്,മല്ലിക ശശികുമാർ,ഉണ്ണി തുടങ്ങിയവർ പങ്കെടുത്തു.