
തിരുവനന്തപുരം: കേരളത്തോടുള്ള കേന്ദ്ര അവഗണനയ്‌ക്കെതിരെ എൽ.ഡി.എഫ് ഫെബ്രുവരി എട്ടിന് ഡൽഹിയിൽ സംഘടിപ്പിക്കുന്ന സമരത്തിൽ യു.ഡി.എഫ് പങ്കെടുത്തേക്കില്ല. മുഖ്യമന്ത്രി പിണറായി വിജയൻ യോഗം വിളിച്ച് പ്രതിപക്ഷത്തിന്റെ സഹകരണം ആവശ്യപ്പെട്ടെങ്കിലും പങ്കെടുക്കേണ്ടതില്ലെന്നാണ് യു.ഡി.എഫിലെ പൊതു വികാരം. യോഗത്തിൽ പങ്കെടുത്ത പ്രതിപക്ഷനേതാവ് വി.ഡി സതീശനും പി.കെ കുഞ്ഞാലിക്കുട്ടിയും കോൺഗ്രസിലും മുന്നണിയിലും ആലോചിച്ച ശേഷം തീരുമാനം അറിയിക്കാമെന്നാണ് വ്യക്തമാക്കിയത്. മുന്നണിയിലെ കക്ഷികൾ ചർച്ച നടത്തിയശേഷം കക്ഷിനേതാക്കൾ യോഗം ചേർന്നാവും തീരുമാനമെടുക്കുക. സംസ്ഥാനത്തോടുള്ള കേന്ദ്ര സമീപനത്തിൽ യു.ഡി.എഫിന് എതിർപ്പുണ്ട്. എന്നാൽ കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി പൂർണമായും കേന്ദ്ര സമീപനത്തിന്റെ ഭാഗമല്ലെന്നാണ് പ്രതിപക്ഷ വാദം.
ചിലവ് ചുരുക്കി നികുതി പിരിവ് ഊർജ്ജിതമാക്കണമെന്നും ധൂർത്ത് അവസാനിപ്പിക്കണമെന്നുമാണ് യു.ഡി.എഫ് നേതാക്കളുടെ നിർദ്ദേശങ്ങൾ.
സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് ധവളപത്രം ഇറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇത് പാലിക്കാത്ത സർക്കാരിന്റെയും എൽ.ഡി.എഫിന്റെയും സമര നീക്കങ്ങളോട് വിയോജിപ്പാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേന്ദ്രത്തിനെതിരെ എൽ.ഡി.എഫ് സമരം സംഘടിപ്പിക്കുന്നതിലെ രാഷ്ട്രീയ കൗശലവും യു.ഡി.എഫ് തിരിച്ചറിഞ്ഞിട്ടുണ്ട്. രാഷ്ട്രീയമായി സർക്കാരിനെ പിന്തുണയ്‌ക്കേണ്ട ആവശ്യമില്ല. എന്നാൽ സമരത്തെ പാടേ തള്ളുന്നത് കേന്ദ്രനയങ്ങളോടുള്ള അനുകൂല സമീപനമെന്ന പ്രചാരണത്തിന് കാരണമാകും. അതിനാൽ വിയോജിപ്പുകൾ കാര്യകാരണ സഹിതം അവതരിപ്പിച്ചാവും പങ്കെടുക്കാനുള്ള വിമുഖത യു.ഡി.എഫ് അറിയിക്കുക. ഒരാഴ്ച്ചയ്ക്കകം തീരുമാനം മുഖ്യമന്ത്രിയെ ധരിപ്പിക്കും.