1

വിഴിഞ്ഞം: പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിത സാഹചര്യവും ഉപജീവനമാർഗവും മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് കൃത്രിമ പാര് പദ്ധതി നടപ്പാക്കുന്നതെന്ന് കേന്ദ്രമന്ത്രി പർഷോത്തം രുപാല പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൃത്രിമപാരുകളുടെ നിക്ഷേപം മന്ത്രി സജി ചെറിയാൻ ഫ്ളാഗ് ഓഫ് ചെയ്തു. ഇൻസ്‌പെക്ഷൻ വെസലിൽ കടലിൽ കൃത്രിമ പാരുകൾ നിക്ഷേപിക്കുന്ന സ്ഥലവും മന്ത്രി സന്ദർശിച്ചു. 13.02 കോടി രൂപയുടെ പദ്ധതിയിൽ 60 ശതമാനം തുകയായ 7.812 കോടി രൂപ കേന്ദ്രവിഹിതവും 40 ശതമാനം തുകയായ 5.208 കോടി രൂപ സംസ്ഥാനവിഹിതവുമാണ്. സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സാങ്കേതിക സഹായത്തോടെ തീരദേശ വികസന കോർപ്പറേഷനാണ് പദ്ധതി നിർവഹണച്ചുമതല.

ജി.പി.എസ് സഹായത്തോടെ സ്ഥാനനിർണയം നടത്തി മത്സ്യത്തൊഴിലാളികളുടെ സാന്നിദ്ധ്യത്തിൽ 12 മുതൽ 15 വരെ മീറ്റർ ആഴത്തിലാണ് കടലിന്റെ അടിത്തട്ടിൽ ഇവ നിക്ഷേപിക്കുന്നത്. ഫിഷറീസ് ഡയറക്ടർ ഡോ.അദീല അബ്ദുള്ള,കേരള തീരദേശ വികസന കോർപ്പറേഷൻ എം.ഡി പി.ഐ.ഷേഖ് പരീത്,മത്സ്യത്തൊഴിലാളികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.