തിരുവനന്തപുരം: രുചിയേറും കൂവപ്പായസം, ചക്ക കേക്ക്,​ ചക്കപ്പായസം,​​ അശോകപ്പൂവിൽനിന്ന് ചർമരോഗത്തിന് പ്രതിവിധി അശോകം ബാം,​തേൻമെഴുകിൽനിന്ന് ഹീൽ ബാം, തേൻ മെഴുകും ഉരുക്കുവെളിച്ചെണ്ണയും ചേർത്ത ലിപ് ബാം, തേനും കസ്തൂരിമഞ്ഞളും രക്തചന്ദനവും മുൾട്ടാണിമിട്ടിയും ചേർന്ന് ഫേസ്ക്രീം ... നാട്ടിൻപുറത്തുകാരിയായ ഒരു വീട്ടമ്മയുടെ കൈയൊപ്പുള്ള ഈ മൂല്യവർദ്ധിത ഉത്പന്നങ്ങൾ വിപണിയിലെത്തുന്നത് വീടിന് ചുറ്രുമുള്ള ചെറിയ കൃഷിയിടത്തിൽ നിന്നാണ്.

വർക്കല ചെമ്മരുതിയിലെ വീടിന് ചുറ്റുമാണ് സിംജയുടെ നാല്പത് സെന്റ് കൃഷിയിടം. മാസം എൺപതിനായിരം രൂപയുടെ വരുമാനം. ഇവിടെ തഴച്ചുവളരുന്ന കൂവയിൽ നിന്ന് സിംജയുണ്ടാക്കുന്ന കൂവപ്പായസത്തിന് ആരാധകരേറെ. അനുജത്തിയുടെ ബേക്ക് ഹൗസിലൂടെയും പ്രദർശന സ്റ്റാളുകളിലൂടെയും കൂവപ്പായസം ധാരാളം വിറ്റുപോകുന്നുണ്ട്. വീട്ടിൽ തയ്യാറാക്കുന്ന കൂവപ്പൊടിക്കും ആവശ്യക്കാരേറെ. തേനീച്ചകൃഷിയിൽ വിജയം കൊയ്ത സിംജ തേൻമെഴുകിൽ നിന്നുണ്ടാക്കിയെടുക്കുന്ന ഹീൽ ബാം മികച്ച മൂല്യവർദ്ധിത ഉത്പന്നമാണ്. ഉപ്പൂറ്റി വിണ്ടുകീറുന്നതിന് പ്രതിവിധിയായ ഈ ബാം വിദേശത്ത് താമസിക്കുന്ന മലയാളികൾ ഉൾപ്പെടെ നിരവധിപേർ വാങ്ങുന്നുണ്ട്. പറമ്പിൽനിന്ന് കിട്ടുന്ന ചക്ക ശീതീകരിച്ച് സൂക്ഷിച്ച് തയാറാക്കുന്ന രുചികരമായ കേക്ക് വർഷം മുഴുവൻ രുചിപ്രേമികളുടെ മനസ് നിറയ്ക്കുന്നു.

പറമ്പിലെ പൈനാപ്പിൾകൃഷിയും മികച്ച വരുമാനമാർഗമാണ്. ചെമ്മരുതി കൃഷിഭവനിലെ അംഗമായ സിംജയ്ക്ക് വീട്ടിൽ താറാവ്, കോഴി കൃഷിയുമുണ്ട്.

വിദേശത്ത് ജോലി ചെയ്യുന്ന ഭർത്താവ് ഷിബുവിന്റെ പിന്തുണയാണ് എല്ലാത്തിനും പിന്നിൽ. അച്ഛനും അമ്മയും അനുജത്തി സുജയും ഭർത്താവ് വിനിയും സംരംഭത്തിന് എല്ലാ സഹായവും നൽകുന്നുണ്ട്. മക്കൾ: പ്ളസ്ടു വിദ്യാർത്ഥി കൃഷ്ണനുണ്ണി,​ ആറാംക്ളാസ് വിദ്യാർത്ഥി അദിതി.