
ആര്യനാട്: ഡോക്ടർമാരുടെ തമ്മിലടി കാരണം ആര്യനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ പ്രവർത്തനം താളം തെറ്റുന്നതായി പരാതി. രാത്രിയിൽ ഇവിടെ ഡോക്ടർമാർ ചികിത്സയ്ക്കെത്തുന്നില്ലെന്നതാണ് പ്രധാന പരാതി. രാത്രിയിൽ ഡോക്ടറുടെ സേവനമില്ലാത്തതിനാൽ ഡ്യൂട്ടിയിലുള്ള നഴ്സുമാരാണ് അടിയന്തര ചികിത്സ നൽകുന്നത്. രാത്രിയിൽ അത്യാഹിതം സംഭവിച്ച് ആശുപത്രിയിലെത്തുന്ന രോഗികളെ 12 കിലോമീറ്റർ അകലെയുള്ള നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് പറഞ്ഞുവിടുന്ന അവസ്ഥയുമുണ്ട്.
കഴിഞ്ഞ ദിവസം ഡോക്ടർമാരില്ലാതെ ദുരിതത്തിലായപ്പോൾ ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ ആശുപത്രിയിലെത്തി കുത്തിയിരുപ്പ് സത്യഗ്രഹം നടത്തി. തുടർന്ന് വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖയും ബ്ലോക്ക് പഞ്ചായത്തംഗങ്ങളും ആര്യനാട് ഗ്രാമപഞ്ചായത്തംഗങ്ങളും വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും പൊതുപ്രവർത്തരും ആശുപത്രിയിലെത്തി പ്രതിഷേധിച്ചിരുന്നു. തുടർന്ന് സംഘർഷാവസ്ഥയിലെത്തിയ പ്രതിഷേധം പൊലീസ് എത്തിയാണ് നിയന്ത്രിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിലവിലെ മെഡിക്കൽ ഓഫീസറെ ഉടൻ ആശുപത്രിയിലെത്താൻ നിർദ്ദേശം നൽകിയെങ്കിലും മൂന്ന് മണിക്കൂറോളം കഴിഞ്ഞാണ് മെഡിക്കൽ ഓഫീസർ ഡോ. നെൽസൺ ആശുപത്രിയിലെത്തിയത്. ഇതും വ്യാപക പ്രതിഷേധത്തിനിടയാക്കി. കിടത്തി ചികിത്സയുള്ള ആശുപത്രിയിൽ മെഡിക്കൽ ഓഫീസർ ആശുപത്രിയുടെ ചുറ്റളവിൽ താമസിക്കണമെന്നാണ് വ്യവസ്ഥയെങ്കിലും ഇത് മെഡിക്കൽ ഓഫീസർ ലംഘിക്കുന്നതായും പൊതുപ്രവർത്തകർ പറയുന്നു.