
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചെന്ന കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. മ്യൂസിയം പൊലീസാണ് അന്വേഷിച്ചിരുന്നത്. സംസ്ഥാനത്തുടനീളം അന്വേഷിക്കേണ്ടതിനാലാണ് ക്രൈംബ്രാഞ്ചിന് വിട്ടത്.
ഡി.ഐ.ജി ജെ.ജയ്‌നാഥിന്റെ നേതൃത്വത്തിൽ എസ്.പി ജയശങ്കർ, ഡിവൈ.എസ്.പി ജലീൽ തോട്ടത്തിൽ എന്നിവരുടെ സംഘമാവും അന്വേഷിക്കുക. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരാതിയിലെടുത്ത കേസാണ് ക്രൈംബ്രാഞ്ചിന് വിട്ടത്. ഡി.വൈ.എഫ്.ഐയുടെ പരാതിയിലെ കേസും ഉടൻ കൈമാറും. സി.ആർ കാർഡ് എന്ന ആപ്പ് വഴിയാണ് വ്യാജ കാർഡ് നിർമിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇതേക്കുറിച്ച് ക്രൈംബ്രാഞ്ച് വിശദമായി അന്വേഷിക്കും.
കേസിൽ അറസ്റ്റിലായ 5 പ്രതികൾക്കും കോടതി നേരത്തേ ജാമ്യം നൽകിയിരുന്നു. 2000 വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ച് സംഘടനാ തിരഞ്ഞെടുപ്പിന് ഉപയോഗിച്ചു എന്നാണ് കേസ്. ഇലക്ഷൻ കമ്മിഷന്റെ തിരിച്ചറിയൽ കാർഡിന് സമാനമായ കാർഡാണ് നിർമ്മിച്ചതെന്നാണ് ആരോപണം.