1

തിരുവനന്തപുരം: വനിതാ സൗഹൃദമെന്ന് കൊട്ടിഘോഷിച്ച് നഗരസഭ നിർമ്മിച്ച വനിത സൗഹൃദ ഇടനാഴി സ്‌മാർട്ട് സിറ്റി റോ‌ഡ് വികസനത്തിന്റെ മറവിൽ പൊളിച്ചുനീക്കുന്നു. സ്‌മാർട്ട് റോഡിന് വേണ്ടിയും റോഡ് വീതികൂട്ടി ഓട നിർമ്മിക്കുന്നതിനുമാണ് ഇടനാഴി പൊളിക്കുന്നത്.

പൊളിച്ച ഇടനാഴിയിലെ സാധനങ്ങൾ ആക്രിവിലയ്‌ക്ക് വിൽക്കാനുള്ള ഭരണസമിതിയുടെ നീക്കവും വിവാദത്തിലായി. 90.53 ലക്ഷം രൂപ വകയിരുത്തുകയും പുതുക്കിയ എസ്റ്റിമേറ്റിലൂടെ രണ്ടുകോടി ചെലവാക്കിയ വിവാദ പദ്ധതിയാണ് മൂന്നാം വയസിൽ വിസ്‌മൃതിയിലാകുന്നത്. ഇടനാഴിയിലെ ക്രമക്കേട് അന്നത്തെ ഭരണസമിതിയെ മുൾമുനയിൽ നിറുത്തിയിരുന്നു. ഇതേ വാർഡിൽ നിർമ്മിച്ച ബസ് ഷെൽട്ടറിലും ക്രമക്കേടുണ്ടെന്ന് ആക്ഷപമുണ്ടായിരുന്നു.

വിമെൻസ് കോളേജിലെയും കോട്ടൺഹിൽ സ്‌കൂളിലെയും വിദ്യാർത്ഥികൾക്ക് സുരക്ഷിതയാത്ര ഒരുക്കാനായി ആസൂത്രണം ചെയ്‌ത പദ്ധതിയാണിത്. ബേക്കറി ജംഗ്ഷൻ മുതൽ വിമെൻസ് കോളേജ് വരെയും കോട്ടൺഹിൽ സ്‌കൂളിന് മുന്നിലും ക്യാമറ,​നടപ്പാത,​സോളാർ പാനൽ,​ബസ് ഷെൽട്ടർ എന്നിവ ഉൾപ്പെട്ടതായിരുന്നു പദ്ധതി. എന്നാൽ റിവൈസ്‌ഡ് എസ്റ്റിമേറ്റിൽ തുക ഇരട്ടിയായി മാറി.

ഹാൻഡ് റെയിൽ സ്ഥാപിക്കാൻ ഗാൽവനൈസ്‌ഡ് അയൺ പൈപ്പ് ഉപയോഗിക്കാനായിരുന്നു തീരുമാനമെങ്കിലും പകരം സ്റ്റൈയിൻലസ് സ്റ്രീലും മേൽക്കൂരയ്‌ക്ക് പോളി കാർബൺ ഷീറ്റുകളുമാക്കി മാറ്റിയതാണ് തുക ഇരട്ടിക്കാൻ കാരണം. ചുവരിൽ വനിതാ നേതാക്കളുടെ ചിത്രങ്ങൾ പതിപ്പിക്കാൻ 20 ലക്ഷം രൂപയും എസ്റ്റിമേറ്റിട്ടു. വിമെൻസ് കോളേജിന്റെ പ്രധാനഗേറ്ര് മുതൽ ചലച്ചിത്ര വികസന കോർപ്പറേഷന്റെ ആസ്ഥാനത്തിന് എതിർവശത്തെ ഗേറ്റുവരെ 500 മീറ്രർ നീളത്തിൽ സ്ഥാപിച്ച മേൽക്കൂരയിൽ നാല് യൂണിറ്റ് സോളാർ പാനലുകൾ മാത്രമാണ് സ്ഥാപിച്ചത്. പൊതുമരാമത്ത് വകുപ്പ് മുമ്പ് സ്ഥാപിച്ച ഫുട്പാത്ത് ടൈലുകളും ഹാൻഡ് റെയിലുകളും അതേപടി നിലനിറുത്തിയിട്ട് അതിനും കോർപ്പറേഷൻ ബിൽ തയ്യാറാക്കിയെങ്കിലും ക്യാമറയോ ബസ് ഷെൽട്ടറോ സ്ഥാപിച്ചില്ല.

സർക്കാർ നിർദ്ദേശത്തിന്

പുല്ലുവില

വൻതുക മുടക്കുള്ളതും നിർമ്മാണം ആരംഭിക്കാത്തതുമായ പദ്ധതികൾ ഉപേക്ഷിക്കാൻ രണ്ടാം പ്രളയ സമയത്ത് സർക്കാർ തദ്ദേശ സ്ഥാപനങ്ങളോട് നിർദേശിച്ചിരുന്നു. എന്നാൽ അന്നത്തെ ഭരണസമിതി സർക്കാരിൽ സമ്മർ‌ദ്ദം ചെലുത്തി ഈ പദ്ധതി നടപ്പാക്കുകയായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് നിർമ്മാണം പൂർത്തിയാക്കിയത്.