തിരുവനന്തപുരം: അയ്യങ്കാളി ഹാൾ-ഫ്ളൈഓവർ റോഡിൽ മാനവീയം റോഡ് മാതൃകയിൽ നവീന പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.
പുതുതായി നിർമ്മിക്കാനുദ്ദേശിക്കുന്ന പ്രവൃത്തികൾ നാല് സോണുകളായി തിരിച്ച് നൈറ്റ് ലൈഫിന് അനുയോജ്യമായ രീതിയിൽ വികസിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്‌മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി കെ.ആർ.എഫ്.ബി നടത്തുന്ന റോഡ് നിർമ്മാണ പ്രവൃത്തികൾ നേരിട്ട് വിലയിരുത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാർച്ച് 1ന് മുമ്പ് ജോലികൾ പൂർത്തിയാക്കാനാണ് നിലവിൽ തീരുമാനിച്ചിട്ടുള്ളത്. അതിന് ശേഷമാകും മാനവീയം മോഡൽ വികസന പദ്ധതികൾ നടപ്പാക്കുന്നത്. സ്‌മാർട്ട് സിറ്റി പദ്ധതിയിൽ കെ.ആർ.എഫ്.ബി വികസിപ്പിക്കുന്ന തലസ്ഥാനത്തെ 13 റോഡുകളും ഗതാഗത യോഗ്യമാക്കി. ഉപരിതല നവീകരണം നടത്തുന്ന 28 റോഡുകളിൽ 13 റോഡുകളിലെ ബി.സി പ്രവൃത്തി പൂർത്തിയാക്കിയെന്നും മന്ത്രി പറഞ്ഞു.
ആന്റണി രാജു എം.എൽ.എ,മേയർ ആര്യാ രാജേന്ദ്രൻ,ഡെപ്യൂട്ടി മേയർ പി.കെ. രാജു,കെ.ആർ.എഫ്.ബി സി.ഇ.ഒ അശോക് കുമാർ,മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
സോണുകളായി തിരിച്ച്
യൂണിവേഴ്സിറ്റി കോളേജ് ഭാഗം ഒന്നും രണ്ടും സോണായും അയ്യങ്കാളി
ഹാളിന്റെ ഭാഗം സോൺ 3,4 ആയും വികസിപ്പിക്കാനാണ് പദ്ധതി.
സോൺ 1
പ്രത്യേക തരം കോബിൾ കല്ലുകൾ പാകും. ആന്റി സ്‌കിഡ് ടൈൽസ് സ്ഥാപിക്കൽ, പ്ലാന്റർ ബോക്‌സ്,ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സെന്റർ,സ്‌മാർട്ട് പാർക്ക് ലൈറ്റ്,സ്‌മാർട്ട് വെൻഡിംഗ് സ്റ്റേഷനുകൾ എന്നിവ സജ്ജീകരിക്കും.
സോൺ 2
പ്രത്യേകതരം കോബിൾ കല്ലുകൾ പാകും. മരങ്ങൾക്ക് ചുറ്റും ഇരിക്കാനുള്ള സൗകര്യം,പ്ലാന്റർ ബോക്സ്,ഇരിപ്പിടങ്ങൾ,വീൽചെയർ സൗകര്യം,സ്‌മാർട്ട് ബസ് ഷെൽട്ടർ,ബൈസിക്കിൾ പോയിന്റ്,സ്‌മാർട്ട് ടോയ്ലെറ്റുകൾ,എൽ.ഇ.ഡി ഇന്ററാക്ടീവ് ഫ്ലോർ,
ബൊള്ളാർഡ് ലൈറ്റ്സ് എന്നിവ സ്ഥാപിക്കും.
സോൺ 3
പ്രത്യേക തരം കോബിൾ കല്ലുകൾ പാകും. മരങ്ങൾക്ക് ചുറ്റും ഇരിക്കാനുള്ള സൗകര്യം,പ്ലാന്റർ ബോക്സ്,ഇരിപ്പിടങ്ങൾ, വീൽചെയർ സൗകര്യം,മോഷൻ സെൻസിംഗ് ടൈൽസ്,പർഗോള,കോയി ഫിഷ് ഡ്രെയിൻ,ഗ്യാലറി സീറ്റിംഗ്,പോസ്റ്റ് ടോപ്പ് ലാമ്പ്, ഇൻഫർമേഷൻ ബോർഡ് എന്നിവ ഉൾപ്പെടുത്തി.
സോൺ 4
ആന്റി സ്‌കിഡ് ടൈൽസ്,പ്ലാന്റർ ബോക്സ്,ഇരിപ്പിടങ്ങൾ, പോസ്റ്റ് ടോപ്പ് ലാമ്പ്,
ട്രാഫിക് ഐലന്റ്,ലാന്റ് സ്കേപ്പിംഗ് എന്നിവ സജ്ജമാക്കും.