
തിരുവനന്തപുരം:സ്കൂളുകളിലെ നിയമനങ്ങൾക്ക് അംഗീകാരം നൽകാനുള്ള എ.ഇ.ഒമാരുടെയും ഡി.ഇ.ഒ മാരുടേയും അധികാരം നഷ്ടമാവും. ഈ അധികാരം പൊതുവിദ്യാഭ്യാസ ഡയറക്‌ടർക്ക് നൽകാനാണ് സർക്കാരിന്റെ തീരുമാനം. ഈ നിർദേശങ്ങൾ അടങ്ങിയ കേരള വിദ്യാഭ്യാസ നിയമഭേദഗതി, കേരള വിദ്യാഭ്യാസ ചട്ടഭേദഗതി എന്നിവയുടെ കരട് സർക്കാരിന്റെ പരിഗണനയിലാണ്.
വിദ്യാഭ്യാസ ഓഫീസുകളുടെ ഘടനയിലും മാറ്റം വരും. എ.ഇ.ഒ -ഡി.ഇ.ഒ ഓഫീസുകൾക്ക് പകരം ബ്ളോക്ക് - കോർപ്പറേഷൻ തലത്തിൽ വിദ്യാഭ്യാസ ഓഫീസുകൾ കൊണ്ടുവരാനാണ് നീക്കം. ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ സ്കൂൾ സംവിധാനം അഴിച്ചുപണിയുന്നത്.