തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലിൽ പ്രതിയുടെ ദേഹപരിശോധന നടത്തിയ ഉദ്യോഗസ്ഥയെ അന്തേവാസി കൈയേറ്റം ചെയ്തതായി പരാതി. ജയിലിലെ അസിസ്റ്റൻഡ് സൂപ്രണ്ട് ഗ്രേഡ്വൺ ഉദ്യോഗസ്ഥയായ രതിയാണ് ആക്രമണത്തിന് ഇരയായത്. ഇവരുടെ പരാതിയിൽ അന്തേവാസിയായ സന്ധ്യയ്ക്കെതിരെ ഫോർട്ട് പൊലീസ് കേസെടുത്തു.
തൃശൂർ വിയ്യൂരിലെ വനിതാ ജയിലിൽ നിന്ന് സന്ധ്യയെ ചൊവ്വാഴ്ച അട്ടക്കുളങ്ങരയിലേക്ക് മാറ്റിയിരുന്നു. ജയിലിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പ് ദേഹപരിശോധന നടത്തവേ സന്ധ്യ രതിയുടെ കരണത്ത് അടിക്കാൻ ശ്രമിച്ചു. ഇത് രതി തടഞ്ഞു. തുടർന്ന് അക്രമാസക്തയായ സന്ധ്യ മുറിയിലെ പാത്രങ്ങളും കാരംസ് ബോർഡും നശിപ്പിച്ചു. 3000 രൂപയുടെ നാശനഷ്‌ടം ഉണ്ടായതായി പൊലീസ് പറഞ്ഞു.