gov

തിരുവനന്തപുരം: പട്ടയ ഭൂമിയിലെ വീടുകൾക്കു പുറമേയുള്ള എല്ലാ നിർമ്മാണങ്ങളും ക്രമവത്കരിക്കുന്നതിന് നിയമസഭ പാസാക്കിയ ബില്ലിൽ ഗവർണർ ഒപ്പിടും. കഴിഞ്ഞയാഴ്ച ഗവർണർ ഇടുക്കിയിലെത്തിയപ്പോൾ എൽ.ഡി.എഫ് ഹർത്താൽ നടത്തിയിരുന്നു. ബിൽ ഒപ്പിടുകയോ തിരിച്ചയയ്ക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു. ഇതോടെയാണ്, സെപ്തംബറിൽ പാസാക്കിയ ബില്ലിന് ഗവർണർ അനുമതി നൽകുന്നത്. ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്കെല്ലാം പരിഹാരമാവുമെന്നാണ് സർക്കാർ വാദം.

ബില്ലിൽ രണ്ടു വട്ടം ഗവർണർ വിശദീകരണം തേടിയെങ്കിലും സർക്കാർ നൽകിയിട്ടില്ല. ഭാരതീയ വിചാരകേന്ദ്രം സെക്രട്ടറി കെ.സി.സുധീർബാബു അടക്കമുള്ളവരുടെ പരാതിയിലായിരുന്നു ഇത്. മൂന്നാറിലും മലയോര മേഖലകളിലുമുള്ള അനധികൃത നിർമ്മാണങ്ങളിലേറെയും വാണിജ്യ സ്ഥാപനങ്ങളാണെന്നും വൻകിട നിർമ്മാണങ്ങളും പാർട്ടി ഓഫീസുകളും സംരക്ഷിക്കാനുദ്ദേശിച്ചുള്ളതാണ് നിയമഭേദഗതിയെന്നുമാണ് ഗവർണർ വിലയിരുത്തിയത്. പട്ടയ ഭൂമിയിലെ വാണിജ്യ നിർമ്മാണങ്ങൾക്ക് സുപ്രീം കോടതിയടക്കം ശരിവച്ച നിയന്ത്രണങ്ങൾ മറികടക്കാനാണ് ബില്ലെന്നും ഗവർണർ ചൂണ്ടിക്കാട്ടി.

മൂന്നാറിലെ എട്ടു വില്ലേജുകളിൽ 226 അനധികൃത നിർമ്മാണങ്ങൾ ജില്ലാ ഭരണകൂടം കണ്ടെത്തി ഹൈക്കോടതിയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇടുക്കി ദേവികുളം താലൂക്കിലെ പട്ടയ ഭൂമിയിലാണ് അതിലേറെയും. ശാന്തൻപാറ, ഉടുമ്പൻചോല, ബൈസൻവാലി എന്നിവിടങ്ങളിലെ സി.പി.എം ഓഫീസ് നിർമ്മാണം ഹൈക്കോടതി തടഞ്ഞിരുന്നു. ഈ ക്രമക്കേടുകളും ബില്ലിലൂടെ സാധൂകരിക്കപ്പെടും. പട്ടയ ഭൂമിയിലെ ക്വാറികൾ, റിസോർട്ടുകൾ എന്നിവയെക്കുറിച്ച് വ്യക്തതയില്ലെന്നും ഗവർണർ വിലയിരുത്തി. എന്നാൽ, ജീവനോപാധിക്കായുള്ള നിർമ്മാണങ്ങൾ ക്രമവത്കരിക്കുന്നത് ആയിരക്കണക്കിന് സാധാരണക്കാർക്ക് ഗുണം ചെയ്യുമെന്നതു കൂടി പരിഗണിച്ചാണ് ബില്ലിൽ ഒപ്പിടുന്നത്. നെൽവയൽ-തണ്ണീർത്തട സംരക്ഷണ ഭേദഗതി, കെട്ടിടങ്ങളുടെ ആഡംബര നികുതി അഡിഷണൽ ടാക്സെന്നാക്കുന്ന കെട്ടിട നികുതി ഭേദഗതി എന്നീ ബില്ലുകളിലും ഒപ്പിട്ടേക്കും.

 ഭൂമിതരംമാറ്റം: പ്രശ്നം തീരും

ഭൂമിതരംമാറ്റത്തിന് ആർ.ഡി.ഒമാർക്ക് പുറമെ 69 ഡെപ്യൂട്ടി കളക്ടർമാർക്കു കൂടി അധികാരം നൽകാനുദ്ദേശിച്ചുള്ള നിയമഭേദഗതി ബില്ലിലും ഗവർണർ ഒപ്പിടും. 25സെന്റുവരെയുള്ള 1.18ലക്ഷം പേർക്ക് നിലവിൽ ഗുണകരമാണിതെന്ന് വിലയിരുത്തിയാണിത്. ഭൂമിതരം മാറ്റാനുള്ള അധികാരം കൈമാറുന്നത് അഴിമതിക്കിടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഗവർണർ ഒപ്പിടാതിരുന്നത്. പ്രതിസന്ധി മറികടക്കാൻ സർക്കാർ അദാലത്ത് പ്രഖ്യാപിച്ചിരുന്നു.