തിരുവനന്തപുരം: ജയിൽ മോചിതനായ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന് പ്രവർത്തകർ നല്കിയത് ഉജ്ജ്വല സ്വീകരണം. നടപടിക്രമങ്ങൾ പൂർത്തയാക്കി 9.17നാണ് രാഹുൽ പുറത്തെത്തിയത്. അപ്പോഴേക്കും കവാടം പ്രവർത്തകരാൽ നിറഞ്ഞിരുന്നു. ഏറെ പണിപ്പെട്ടാണ് ജയിൽ ഗേറ്റ് തുറന്നത്. 9.20 ഓടെ പുറത്തേക്ക്. അതോടെ പ്രവർത്തകരുടെ ആവേശം ഇരട്ടിയായി. തുടർന്ന് രാഹുലിനെ തോളിലേറ്റി മുദ്രാവാക്യം മുഴക്കി. ആകാശത്ത് വർണവിസ്മയം തീർത്ത് വെടിക്കെട്ടും അരങ്ങേറി. ശേഷം അവടേക്കെത്തിച്ച ചെറിയ വാഹനത്തിലേക്ക് അദ്ദേഹത്തെ കയറ്റി. വാഹനത്തിൽ നിന്നുകൊണ്ട് രാഹുൽ പ്രവർത്തകരെ അഭിവാദ്യം ചെയ്തു.

എം.എൽ.എമാരായ പി.സി.വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, അൻവർ സാദത്ത്, കേരളത്തിന്റെ ചുമതലയുള്ള യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി സി.ബി.പുഷ്പലത, യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ അബിൻ വർക്കി, ജില്ലാ പ്രസിഡന്റ് നേമം ഷജീർ, തുടങ്ങിയവരും വാഹനത്തിലേക്ക് കയറി. ഡി.സി.സി അദ്ധ്യക്ഷൻ പാലോട് രവി, മാത്യു കുഴൽനാടൻ എം.എൽ.എ തുടങ്ങിയ നേതാക്കളും എത്തിയിരുന്നു. പൂജപ്പുര ജയിലിന് മുന്നിലെ റോഡിൽ അല്പസമയം ഗതാഗതവും തടസപ്പെട്ടു. രാഹുലിന്റെ അഭിഭാഷകൻ അഡ്വ. മൃദുൽ ജോൺ അദ്ദേഹത്തെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കിട്ടു.

കിരീടം താഴെ വയ്ക്കുക,

ജനങ്ങൾ പിന്നാലെയുണ്ട്: രാഹുൽ

നാടു വാഴുന്ന രാജാവെന്ന് വിചാരിക്കുന്ന പിണറായി വിജയൻ കിരീടം താഴെ വയ്ക്കുക. ജനങ്ങൾ പിന്നാലെയുണ്ട്. ഈ ഫാസിസ്റ്റ് സർക്കാരിനെതിരായ പോരാട്ടത്തിൽ നിന്ന് ഒരിഞ്ച് പോലും പിന്നോട്ടു പോകാൻ യൂത്ത് കോൺഗ്രസ് ഒരുക്കമല്ല. തന്നെ ജയിലിൽ അടച്ചപ്പോൾ ഒപ്പം നിന്ന തന്റെ അമ്മ അടക്കുള്ള എല്ലാ അമ്മമാർക്കും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും നന്ദി പറയുന്നു.