കടയ്ക്കാവൂർ: കടയ്ക്കാവൂർ,വക്കം,അഞ്ചുതെങ്ങ് പഞ്ചായത്ത് നിവാസികൾക്ക് കുടിവെള്ളം കിട്ടാതായിട്ട് 12 ദിവസമായി. തീരദേശപഞ്ചായത്തുകളായതിനാൽ പെെപ്പ് വഴിയുള്ള കുടിവെള്ളമാണ് ഏകാശ്രയം. പൈപ്പ് വെള്ളവിതരണം നിറുത്താൻ കാരണം ആലംകോട് - മീരാൻകടവ് റോഡ് പണിയാണെന്നാണ് അറിയുന്നത്. പണിയെന്ന് തീരുമെന്ന് ചോദിച്ചപ്പോൾ അധികൃത‌ർ കൈമലർത്തുകയാണ്. റോഡ് നവീകരണത്തിന്റെ ഭാഗമായി പെെപ്പ് ലെെൻ മാറ്റി സ്ഥാപിച്ചിരുന്നു. പണി കഴിഞ്ഞിട്ടും കുടിവെള്ള വിതരണം സാധാരണ സ്ഥിതിയിലാക്കാൻ വാട്ടർ അതോറിട്ടി ശ്രദ്ധിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.ഒച്ച് ഇഴയുന്നതിനേക്കാൾ പതിയെയാണ് റോഡ് പണി നടക്കുന്നത്. പ്രശ്നം നാട്ടുകാരും മാദ്ധ്യമങ്ങളും വാട്ടർ അതോറിട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു നടപടികളും ഉണ്ടായില്ല. എന്നാൽ വാട്ടർ അതോറിട്ടി കുടിവെളളം മുടക്കിയപ്പോൾ ടാങ്കർ ലോറികൾ വഴി കുടിവെളളമെത്തിക്കാൻ പഞ്ചായത്തുകൾ ശ്രദ്ധിക്കുന്നുമില്ല.വേനൽക്കാലം മുന്നിൽ കണ്ട് ഉടൻ തന്നെ മൂന്ന് പഞ്ചായത്തിലും കുടിവെള്ള വിതരണം പുനഃസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.