p

തിരുവനന്തപുരം: കേരളത്തിൽ ആത്മഹത്യ ചെയ്യുന്നവരിൽ കൂടുതൽ 36നും 40നും ഇടയിൽ പ്രായമുള്ളവരെന്ന് യുവജനകമ്മിഷന്റെ പഠന റിപ്പോർട്ട്. ഇതിൽ പാരമ്പര്യമായുള്ള ആത്മഹത്യാ വാസന, സാമ്പത്തിക പ്രതിസന്ധി, മദ്യത്തിനും മയക്കുമരുന്നിനും അടിപ്പെടൽ എന്നതിനു പുറമേ വിഷാദരോഗവും ആത്മഹത്യയിലേക്കു നയിച്ചവരുണ്ട്. വിഷാദരോഗം കൂടുതൽ പുരുഷന്മാരിലായിരുന്നെന്നും (8.6 ശതമാനം)​സ്ത്രീകളിൽ മൂഡ് ഡിസോർഡർ കൂടുതലാണെന്നും (9.9)​ പഠനത്തിൽ കണ്ടെത്തി.

റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചു.

അസംഘടിതമേഖലയിൽ ജോലി ചെയ്യുന്നവർക്കിടയിൽ ആത്മഹത്യ വർദ്ധിക്കുന്നതിനാൽ റിപ്പോർട്ട് സ്വകാര്യമേഖലയിലെ തൊഴിൽദാതാക്കൾക്ക് നൽകും. ഈ മേഖലയിൽ തൊഴിലെടുക്കുന്നവരുടെ മാനസികസമ്മർദ്ദം കുറയ്ക്കാനുള്ള മുൻകരുതലായാണിത്. ആത്മഹത്യ ചെയ്‌ത 66 ശതമാനവും സാമൂഹ്യ - സൗഹൃദ കൂട്ടായ്‌മകളുടെ ഭാഗമായിരുന്നില്ല. മികച്ച സൗഹൃദ,സാമൂഹ്യബന്ധങ്ങളുടെ അഭാവം മാനസികാരോഗ്യം തകർക്കുമെന്നതിന്റെ സൂചനയാണിത്. ലഹരി,​ ആത്മഹത്യ പ്രതിരോധത്തിനായുള്ള കാമ്പെയിനുകളും ബോധവത്കരണവും 20നും 30നും ഇടയിൽ പ്രായമുള്ളവരെ കേന്ദ്രീകരിച്ചാണ് നടക്കുന്നതെന്നും 35- 45 പ്രായത്തിലുള്ളവരിലെ ആത്മഹത്യാസാദ്ധ്യതകൾ പഠനവിധേയമാക്കപ്പെടുന്നില്ലെന്നും കമ്മിഷൻ വിലയിരുത്തി.

കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ജനുവരി 31,​ ഫെബ്രുവരി ഒന്ന് തീയതികളിൽ കമ്മിഷൻ ദേശീയ സെമിനാർ സംഘടിപ്പിക്കും. മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യുന്ന സെമിനാറിൽ മാനസികാരോഗ്യ വിദഗ്ദ്ധർ പങ്കെടുക്കും. ഒപ്പം ജില്ലകളിലും സർവകലാശാലകളിലും സെമിനാർ സംഘടിപ്പിക്കുമെന്ന് ചെയർമാൻ എം.ഷാജർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.