
തിരുവനന്തപുരം: കേരളത്തിൽ ആത്മഹത്യ ചെയ്യുന്നവരിൽ കൂടുതൽ 36നും 40നും ഇടയിൽ പ്രായമുള്ളവരെന്ന് യുവജനകമ്മിഷന്റെ പഠന റിപ്പോർട്ട്. ഇതിൽ പാരമ്പര്യമായുള്ള ആത്മഹത്യാ വാസന, സാമ്പത്തിക പ്രതിസന്ധി, മദ്യത്തിനും മയക്കുമരുന്നിനും അടിപ്പെടൽ എന്നതിനു പുറമേ വിഷാദരോഗവും ആത്മഹത്യയിലേക്കു നയിച്ചവരുണ്ട്. വിഷാദരോഗം കൂടുതൽ പുരുഷന്മാരിലായിരുന്നെന്നും (8.6 ശതമാനം)സ്ത്രീകളിൽ മൂഡ് ഡിസോർഡർ കൂടുതലാണെന്നും (9.9) പഠനത്തിൽ കണ്ടെത്തി.
റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചു.
അസംഘടിതമേഖലയിൽ ജോലി ചെയ്യുന്നവർക്കിടയിൽ ആത്മഹത്യ വർദ്ധിക്കുന്നതിനാൽ റിപ്പോർട്ട് സ്വകാര്യമേഖലയിലെ തൊഴിൽദാതാക്കൾക്ക് നൽകും. ഈ മേഖലയിൽ തൊഴിലെടുക്കുന്നവരുടെ മാനസികസമ്മർദ്ദം കുറയ്ക്കാനുള്ള മുൻകരുതലായാണിത്. ആത്മഹത്യ ചെയ്ത 66 ശതമാനവും സാമൂഹ്യ - സൗഹൃദ കൂട്ടായ്മകളുടെ ഭാഗമായിരുന്നില്ല. മികച്ച സൗഹൃദ,സാമൂഹ്യബന്ധങ്ങളുടെ അഭാവം മാനസികാരോഗ്യം തകർക്കുമെന്നതിന്റെ സൂചനയാണിത്. ലഹരി, ആത്മഹത്യ പ്രതിരോധത്തിനായുള്ള കാമ്പെയിനുകളും ബോധവത്കരണവും 20നും 30നും ഇടയിൽ പ്രായമുള്ളവരെ കേന്ദ്രീകരിച്ചാണ് നടക്കുന്നതെന്നും 35- 45 പ്രായത്തിലുള്ളവരിലെ ആത്മഹത്യാസാദ്ധ്യതകൾ പഠനവിധേയമാക്കപ്പെടുന്നില്ലെന്നും കമ്മിഷൻ വിലയിരുത്തി.
കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ജനുവരി 31, ഫെബ്രുവരി ഒന്ന് തീയതികളിൽ കമ്മിഷൻ ദേശീയ സെമിനാർ സംഘടിപ്പിക്കും. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന സെമിനാറിൽ മാനസികാരോഗ്യ വിദഗ്ദ്ധർ പങ്കെടുക്കും. ഒപ്പം ജില്ലകളിലും സർവകലാശാലകളിലും സെമിനാർ സംഘടിപ്പിക്കുമെന്ന് ചെയർമാൻ എം.ഷാജർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.