rahul

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷങ്ങളുടെ പേരിൽ പൊലീസ് തന്റെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്തതിനു പിന്നിൽ ഗൂഢലക്ഷ്യമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. മാർച്ചിനു ശേഷം കന്റോൺമെന്റ് സ്റ്റേഷനിൽ 10 തവണയും പൂജപ്പുര ജയിലിൽ എട്ടു തവണയും താൻ പോയതാണെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

എം.ടി. വാസുദേവൻനായരുടെ വിമർശനം പരോക്ഷമല്ല. സമരത്തെക്കാൾ ശക്തമായിരുന്നു. സർക്കാരിന്റെ നീതി നിഷേധം തുടരുമ്പോഴും നിശബ്ദത പാലിക്കുന്ന ഭരണപക്ഷ സാംസ്‌കാരിക നായകൻമാർക്ക് ഇനിയെങ്കിലും അല്പം നാണം തോന്നിക്കൂടേ?, പിണറായി വിജയൻ ഈ നാട്ടിലെ ചക്രവർത്തിയും തങ്ങളെല്ലാവരും പടയാളികളാണെന്നുമുള്ള ജനാധിപത്യ ബോധമില്ലായ്മ ചില പൊലീസ് ഉദ്യോഗസ്ഥരുടെ നിലപാടിൽ കാണാൻ കഴിയും. പൊലീസ് അതിക്രമത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കെതിരേ എഫ്.ഐ.ആർ ഇടണമെന്ന് കോടതി പറഞ്ഞിട്ടുപോലും അത് നടപ്പാക്കിയില്ല. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുടെ ക്രമക്കേടിനെതിരെ സമരം തുടരും.

എം.വി. ഗോവിന്ദന്

വെല്ലുവിളി

താൻ ചികിത്സ തേടിയ ആശുപത്രി രേഖകൾ പരിശോധിക്കാൻ ഒപ്പം വരാൻ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തയാറുണ്ടോയെന്ന് രാഹുൽ വെല്ലുവിളിച്ചു. അദ്ധ്യാപകനായിരുന്ന എം.വി. ഗോവിന്ദൻ വകതിരിവ് കാട്ടണം. കോടതിയിൽ താൻ വ്യാജ രേഖ സമർപ്പിച്ചെന്നാണ് അദ്ദേഹം പറഞ്ഞത്.അതിന്റെ പേരിൽ അദ്ദേഹത്തിനെതിരെ വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു.