തിരുവനന്തപുരം: കുട്ടികൾക്ക് അഭിമാനത്തോടെ ജീവിക്കാനുള്ള സാമൂഹിക സാഹചര്യമൊരുക്കണമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. ബാലസൗഹൃദ രക്ഷകർതൃത്വം എന്ന വിഷയത്തിൽ കുടുംബശ്രീ അംഗങ്ങൾക്കായി സംസ്ഥാന ബാലാവകാശ കമ്മിഷൻ സംഘടിപ്പിച്ച ദ്വിദിന പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബാലാവകാശ കമ്മിഷൻ പരാതികളില്ലാത്ത കാലത്തിനായുള്ള പ്രവർത്തനങ്ങളാണ് നടത്തേണ്ടത്. ഒരു കോടിയോളം കുട്ടികളുള്ള കേരളത്തിൽ ശിശുസൗഹൃദ പദ്ധതികൾക്കുള്ള പ്രസക്തിയേറെയാണ്. രാജ്യത്തിന്റെ പുരോഗതി വിലയിരുത്തുന്നത് കുട്ടികളോടുള്ള സമീപനത്തിന്റെ കൂടി അടിസ്ഥാനത്തിലാണ്. കുടുംബശ്രീയെപ്പോലെ കരുത്തുറ്റ പ്രസ്ഥാനം ബാലസൗഹൃദ രക്ഷകർതൃത്വത്തിന്റെ സന്ദേശം സമൂഹത്തിലേക്കെത്തിക്കാൻ തയാറായത് സ്വാഗതാർഹമാണെന്നും മന്ത്രി പറഞ്ഞു.
വെള്ളയമ്പലം ട്രിവാൻഡ്രം സോഷ്യൽ സർവീസ് സൊസൈറ്റി ഹാളിൽ നടന്ന പരിപാടിയിൽ സംസ്ഥാന ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ.വി.മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ബാലാവകാശ കമ്മിഷനംഗം എൻ.സുനന്ദ സ്വാഗതം പറഞ്ഞു.