കിളിമാനൂർ: കാലിത്തീറ്റ വില വർദ്ധന, പച്ചപ്പുല്ലിന്റെ ലഭ്യതക്കുറവ്, വയ്ക്കോൽ വില വർദ്ധന ഇവയ്ക്കു പുറമെ ഇൻഷ്വറൻസ് പ്രീമിയം വർദ്ധനവ് തുടങ്ങി നിരവധി പ്രതിസന്ധികൾ മൂലം നടുവൊടിഞ്ഞിരിക്കുകയാണ് ക്ഷീര കർഷകർ. വേനൽ കടുത്തതോടെ പച്ചപ്പുല്ല് കിട്ടാനില്ല. ഇന്ധന വിലവർദ്ധനയിൽ കുരുങ്ങി വൈക്കോലിന്റെ വിലവർദ്ധന. എല്ലാം ചേരുമ്പോൾ ഗ്രാമീണമേഖലയിലെ ക്ഷീരകർഷകർ പലരും സാമ്പത്തികത്തകർച്ചയിൽ പിടിച്ചുനിൽക്കാനാകാതെ ഈ രംഗം വിടുകയാണ്.
ഇൻഷ്വറൻസ് പ്രീമിയം തുകയിലെ ഭീമമായ വർദ്ധനയാണ് ഇപ്പോൾ ചെറുകിട ക്ഷീരകർഷകർ അനുവഭിക്കുന്ന മറ്റൊരു വെല്ലുവിളി. ഒരു ലക്ഷം രൂപ വിലയുള്ള പശുവിന് മുമ്പ് 970 രൂപയായിരുന്നു നൽകേണ്ടിയിരുന്നതെങ്കിൽ ഇപ്പോൾ ആറായിരം രൂപ സ്വന്തം കീശയിൽ നിന്ന് മുടക്കേണ്ട ഗതികേടിലാണ് കർഷകർ. കർഷകരിൽ നിന്ന് ചെറിയ വിഹിതം ഈടാക്കി ബാക്കി തുക ക്ഷീരവികസനവകുപ്പും ത്രിതല തദ്ദേശസ്ഥാപനങ്ങളും നൽകിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയിൽ പദ്ധതി നിലച്ചതോടെ മുഴുവൻ പ്രീമിയവും കർഷകർ കൈയിൽ നിന്ന് മുടക്കേണ്ട അവസ്ഥയാണ് ഇപ്പോൾ. ഒരുമിച്ച് ഇത്രയും തുക എങ്ങനെ സംഘടിപ്പിക്കുമെന്ന ആശങ്കയിലാണ് കർഷകർ.
പാൽവിലയിലും കുറവ്
പ്രതിദിനം 20 ലിറ്റർ പാൽ ലഭിക്കുന്ന ഒരു പശുവിന് 80,000 മുതൽ ഒരു ലക്ഷം രൂപ വരെയാണ് വില. മുൻപ് പശുക്കളെ വാങ്ങാൻ ത്രിതല പഞ്ചായത്തുകളുടെ പദ്ധതിയിൽ ഉൾപ്പെടുത്തി 50 ശതമാനം സബ്‌സിഡിയും 50 ശതമാനം ബാങ്ക് വായ്പയും ലഭിച്ചിരുന്നു. എന്നാൽ അത് നിലച്ചു. സഹകരണസംഘങ്ങൾക്ക് പാൽ കൊടുക്കുന്ന കർഷകന് ലഭിക്കുന്നത് ലിറ്ററിന് 38- 43 രൂപയാണ്. ഉത്പാദനച്ചെലവുമായി തട്ടിച്ചുനോക്കുമ്പോൾ ഇത് കുറവാണെന്ന് കർഷകർ പറയുന്നു. ഒരു ലിറ്റർ പാലിന് 45 മുതൽ 55 രൂപ വരെ ചെലവാകുമ്പോഴാണ് പാൽവിലയിലെ കുറവ്.
കാലിത്തീറ്റവില മുകളിലേക്ക്: 50 കിലോയുടെ ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് 1540 രൂപയാണ് വില. കഴിഞ്ഞ സാമ്പത്തിക വർഷം 500 രൂപയാണ് വർദ്ധിച്ചത്.
വൈക്കോലിന്റെ വിലയും ഉയർന്നു. പശുക്കൾക്കുള്ള കാത്സ്യം സബ്‌സിഡി നിരക്കിൽ ഒരു കിലോയ്ക്ക് 35 രൂപ ഉണ്ടായിരുന്നത് 90 രൂപയായി വർദ്ധിപ്പിച്ചു.
സൗജന്യമായി നൽകിക്കൊണ്ടിരുന്ന ഇൻസ്റ്റുമെന്റേഷൻ സെമനും ഇപ്പോൾ വില ഈടാക്കുന്നു. മാത്രമല്ല ഇതിന് ഗുണനിലവാരമില്ലെന്നും കിടാങ്ങൾക്ക് പ്രതിരോധശക്തി കുറവാണെന്നും ആക്ഷേപമുണ്ട്.
തീറ്റവിലയും കൂടി
കർഷകർക്കുള്ള കാലിത്തീറ്റ സബ്സിഡി കൃത്യമായി ലഭിക്കാത്തതും പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു. കാലിത്തീറ്റ വില ദിനംപ്രതിയാണ് വർദ്ധിക്കുന്നത്. കേരളഫീഡ്സ് ഉൾപ്പെടെയുള്ള കമ്പനികളും കാലിത്തീറ്റക്ക് വില കൂട്ടി. പുറത്തുനിന്നുള്ള കാലിത്തീറ്റയ്ക്ക് 120 രൂപയിലധികം വില വർദ്ധനയുണ്ട്. സ്വകാര്യ കമ്പനികളുടെ കാലിത്തീറ്റയ്ക്കും വില ഉയരുകയാണ്. പരുത്തിപ്പിണ്ണാക്ക്, കടലപ്പിണ്ണാക്ക്,ചോളം, തേങ്ങാപ്പിണ്ണാക്ക് തുടങ്ങിയവയുടെ വിലയും കൂടി.
സംഘങ്ങൾക്ക് പാൽ ലിറ്ററിന് മിൽമ നൽകുന്ന തുക... 36 രൂപ
സംഘങ്ങൾ കർഷകന് കൊടുക്കുന്നത്...... 38 മുതൽ 44 രൂപ
മിൽമ ലിറ്ററിന് നിഷ്കർഷിച്ചിരിക്കുന്നത്........ 48 രൂപ
വിലനിർണയം പരിഷ്കരിക്കണം
ത്രിതല പഞ്ചായത്തുകൾ ക്ഷീര കർഷകന് നൽകിക്കൊണ്ടിരുന്ന സബ്‌സിഡിയും യഥാസമയം ലഭിക്കുന്നില്ല. സർക്കാർ പ്രഖ്യാപിക്കുന്ന വിലവദ്ധന കർഷകന് ലഭിക്കാത്ത തരത്തിലുള്ള ക്ഷീര സംഘങ്ങളുടെ വിലനിർണയ ചാർട്ട് പരിഷ്കരിക്കണമെന്ന ആവശ്യവും ശക്തമാണ്. പാലിലെ കൊഴുപ്പും (ഫാറ്റ്) പോഷകങ്ങളും (എസ്.എൻ.എഫ്) യന്ത്ര സഹായത്തോടെ കണ്ടെത്തിയാണ് പാൽ വില നിർണയിക്കുന്നത്. 9.7 ഫാറ്റും 10.4 എസ്.എൻ.എഫും ഉള്ള പാലിന് മാത്രമേ ഇപ്പോഴത്തെ ഉയർന്ന വിലയായ 58.60 രൂപ കിട്ടൂ.