67

ഉദിയൻകുളങ്ങര: കടയ്‌ക്ക് മുമ്പിൽ വാഹനം പാർക്ക് ചെയ്‌തതിന് സൈനികനെയും സഹോദരനെയും മർദ്ദിച്ച സംഭവത്തിൽ മൂന്നുപേർ പിടിയിലായി. ടെക്സ്റ്റൈൽസ് ഉടമ പാറശാല ഇഞ്ചിവിള ഹാൻസിൽ വീട്ടിൽ അയൂബ് ഖാൻ (60),മകൻ ഡോ.ആലിഫ്ഖാൻ (20),ഇവരുടെ സുഹൃത്ത് ചെങ്കൽ വട്ടവിള തടിക്കാട്ടിൽ വീട്ടിൽ സജിൻ (27) എന്നിവരെയാണ് പിടികൂടിയത്.

കഴിഞ്ഞദിവസം പാറശാല കോട്ടവിള സ്വദേശിയും സൈനികനുമായ സ്‌മിജു (28),ജ്യേഷ്ഠൻ സ്‌മിനു (30) എന്നിവരെയാണ് പ്രതികൾ മർദ്ദിച്ചത്. സ്‌മിനുവിന്റെ കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങുമായി ബന്ധപ്പെട്ട് സാധനം വാങ്ങാനെത്തിയ ഇവർ പാറശാല പെട്രോൾ പമ്പിന് സമീപത്തുള്ള അയൂബ് ഖാന്റെ ടെക്സ്റ്റൈൽസിന് മുന്നിൽ കാർ പാർക്ക് ചെയ്‌തു. പിന്നീട് മറ്റൊരു കടയിൽ കയറി സാധനം വാങ്ങി തിരികെ എത്തിയപ്പോൾ വാഹനം പാർക്ക് ചെയ്‌തതിനെച്ചൊല്ലി അയൂബ് ഖാനുമായുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പരിക്കേറ്റ സ്‌മിജുവും സ്‌മിനുവും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി. സ്‌മിനുവിന്റെ നട്ടെല്ലിന് ക്ഷതമേറ്റിട്ടുണ്ട്.
ജിംനേഷ്യം നടത്തുന്ന സജിൻ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പാറശാല പൊലീസ് പറഞ്ഞു. സി.ഐ സജി.എസ്.എസ്,എസ്.ഐ ദീപു,ഗ്രേഡ് എസ്.ഐ ഷജിൻ,സി.പി.ഒമാരായ രഞ്ജിത്ത്,പ്രദീപ്,സജിൻ എന്നിവരുടെ നേതൃത്വത്തിൽ സംഭവസ്ഥലത്തെത്തി പിടികൂടിയ പ്രതികളെ റിമാൻഡ് ചെയ്‌തു.