ഉദിയൻകുളങ്ങര: ഡോക്ടറുടെ കുറിപ്പടിയില്ലാതെയുള്ള ആന്റിബയോട്ടിക്കുകളുടെ വില്പന കേരള - തമിഴ്നാട് അതിർത്തിയിലും മലയോരമേഖലകളിലും തീരപ്രദേശങ്ങളിലും ശക്തം. ഇവിടങ്ങളിലെ ഫാർമസികളും മെഡിക്കൽ സ്റ്റോറുകളുമെല്ലാം മെഡിക്കൽ ക്ലിനിക്കുകളായാണ് പ്രവർത്തിച്ചുവരുന്നത്. ഇവിടെ ഫാർമസിസ്റ്റുകൾ വിരലിലെണ്ണാവുന്നവർ മാത്രം. ഫാർമസിസ്റ്റുകളല്ലാത്തവരും മെഡിക്കൽ ഷോപ്പുകളിൽ മരുന്നുകൾ വിതരണം ചെയ്യുന്നതായും സൂചനകളുണ്ട്. രോഗങ്ങളുടെ വ്യാപ്തി കണക്കിലെടുത്ത് ഡോക്ടർമാർ ആന്റിബയോട്ടിക്കുകൾ നിർദ്ദേശിക്കുന്നുണ്ടെങ്കിലും അമിതമായ ആന്റിബയോട്ടിക് ഉപയോഗം ഗുരുതര രോഗങ്ങൾക്കും ജീവഹാനിക്കും വരെ കാരണമാവാം. ഒട്ടുമിക്ക രക്ഷിതാക്കളും തന്റെ കുഞ്ഞുങ്ങൾക്കുണ്ടാവുന്ന ചെറിയ അസുഖങ്ങൾക്ക് പോലും ഇന്ന് ഫാർമസികളെയും മെഡിക്കൽ സ്റ്റോറുകളെയും ആശ്രയിക്കുന്നു. ജീവിതത്തിലെ തിരക്കും ഡോക്ടറെ കാണാൻ കാത്തു നിൽക്കേണ്ട സമയവും അവരെ മെഡിക്കൽ ഷോപ്പുകളിലെത്തിക്കുന്നു. ഫാർമസികളിൽ പോവാൻ മടിയുള്ളവർ മരുന്നുകൾ അമിതമായി സ്റ്റോക്ക് ചെയ്തും വയ്ക്കുന്നു. ബാക്ടീരിയകളെ തകർക്കാൻ ആന്റിബയോട്ടിക്കുകളല്ലാതെ പ്രതിരോധിക്കാൻ മറ്റു മരുന്നുകൾ ഇല്ലായെന്നതും ആന്റിബയോട്ടിക്കുകളുടെ ഉപയോഗം കൂടുന്നതിന് കാരണമായിട്ടുണ്ട്. നിലവിൽ വളരെ കുറച്ച് ആന്റിബയോട്ടിക്കുകൾ മാത്രമാണ് നമ്മുടെ നാട്ടിൽ 15 വർഷത്തിനിടെ കണ്ടുപിടിക്കാൻ കഴിഞ്ഞതെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. വിവിധ രോഗങ്ങൾക്കും ചികിത്സ നിർണയിക്കുന്ന ഫാർമസികളും മെഡിക്കൽ സ്റ്റോറുകളും പ്രദേശത്ത് വ്യാപിച്ചിട്ടും ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാൻ സംസ്ഥാനത്ത് ഓപ്പറേഷൻ അമൃത എന്ന പദ്ധതി ഡ്രഗ്സ് കൺട്രോൾ വിഭാഗം രൂപം നൽകിയെങ്കിലും പരിശോധനകൾ നാമമാത്രമായി ഒതുങ്ങിയെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഈ സ്ഥിതി തുടർന്നാൽ 2050 ഓടെ ലോകത്ത് ഒരു കോടിയോളം ആളുകൾ ആന്റിമൈക്രോബിയൽ റസിസ്റ്റൻസിനാൽ മരണമടയുമെന്നാണ് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്.