
തിരുവനന്തപുരം: ശാസ്താംപാറയിൽ ടൂറിസം വകുപ്പ് സ്ഥാപിക്കുന്ന അഡ്വഞ്ചർ ടൂറിസം അക്കാഡമിക്കായി പുതിയ വിശദ പദ്ധതിരേഖ (ഡി.പി.ആർ) തയ്യാറാക്കുന്നു. ഉടൻ ഡി.പി.ആർ. തയ്യാറാക്കാനുള്ള ഏജൻസിയെ കണ്ടെത്തി ചുമതല ഏൽപ്പിക്കുമെന്ന് ടൂറിസം വകുപ്പ് വൃത്തങ്ങൾ പറഞ്ഞു.
ആദ്യം തയ്യാറാക്കിയ ഡി.പി.ആറിൽ പിഴവുകൾ കണ്ടെത്തിയതിനെത്തുടർന്നാണ് പുതിയത് തയ്യാറാക്കുന്നത്. ഡി.പി.ആർ പൂർത്തിയായശേഷം ടെൻഡർ നടപടികളിലേക്ക് കടക്കും.13 ഏക്കർ ഭൂമിയിലാണ് അക്കാഡമി സ്ഥാപിക്കുന്നത്. ഇതിനായി റവന്യൂ വകുപ്പ് ഭൂമി ഏറ്റെടുത്ത് ടൂറിസം വകുപ്പിന് കൈമാറിയിരുന്നു.
റോക്ക് ക്ലൈമ്പിംഗ്, സ്‌കൈ സൈക്ലിംഗ്, ഷൂട്ടിംഗ്, ആർച്ചറി, കൈറ്റ് ഫ്‌ലൈയിംഗ്, ടെന്റ് ക്യാമ്പിംഗ് തുടങ്ങിയവ ഉണ്ടാവും.
പ്രധാനമായി സാഹസിക ടൂറിസം മേഖല കൂടുതൽ ജനകീയമാക്കുകയെന്നത് ലക്ഷ്യമിട്ടാണ് പദ്ധതി. സാഹസിക ടൂറിസത്തിൽ കൂടുതൽ തൊഴിലവസരം സൃഷ്ടിക്കാനും സ്‌കൂൾ തലം മുതൽ കുട്ടികൾക്ക് പരിശീലനം നൽകാനും ഉദ്ദേശിക്കുന്നുണ്ട്. തിരുവനന്തപുരം നഗരത്തിൽനിന്ന് 14 കിലോമീറ്റർ അകലെ കാട്ടാക്കട മണ്ഡലത്തിലാണ് പദ്ധതി.