
തിരുവനന്തപുരം: വ്യവസായിയും ബ്രിട്ടീഷ് കോൺട്രാക്ടറുമായിരുന്ന കെ.ഭാസ്‌കരൻ നിര്യാതനായി. നൂറ്റിയൊന്ന് വയസായിരുന്നു. തിരുവനന്തപുരം ജവഹർ നഗറിലെ ശിവജി സഫയർ അപ്പാർട്ട്‌മെന്റിൽ ഫ്ളാറ്റ് 4ഡിയിൽ ബുധനാഴ്ചയായിരുന്നു അന്ത്യം.സംസ്‌കാരം തൈക്കാട് ശാന്തികവാടത്തിൽ നടന്നു.
കൊല്ലം ലക്ഷ്മിവിലാസം ബംഗ്ലാവിൽ പരേതരായ തനിവിള കുഞ്ഞിരാമൻ വൈദ്യരുടെയും ലക്ഷ്മിയുടെയും മൂത്തമകനായി 1923ൽ ജനിച്ചു. യുഗപ്രഭാവനായ ശ്രീനാരായണ ഗുരുദേവനാണ് ഭാസ്‌കരൻ എന്ന് പേരിട്ടത്. ബ്രിട്ടീഷ് മിലിട്ടറി കോൺട്രാക്ടർ എന്ന നിലയിൽ ഏറെ പ്രശസ്തനായിരുന്ന ഭാസ്‌കരന് അതികഠിനമായ പ്രവൃത്തികൾ ഏറ്റെടുത്ത് കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കാൻ അസാമാന്യ പാടവം ഉണ്ടായിരുന്നു. ഇന്റർനാഷണൽ ലയൺസ് ക്ലബ് അംഗം, ഫ്രീ മാസൺ, പോളോ അസോസിയേഷൻ അംഗം, കലാകായിക, പൊതുപ്രവർത്തകൻ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. തലസ്ഥാനത്തെ സാമൂഹ്യ, സാംസ്കാരിക രംഗത്തും നിറസാന്നിദ്ധ്യമായിരുന്നു. ''ഒരാൾ ഒരു യുഗം'' എന്ന പേരിൽ ഭാസ്‌കരന്റെ ജീവിതകഥ സുകു പാൽക്കുളങ്ങര പുസ്തകമാക്കിയിട്ടുണ്ട്. മക്കൾ: ഡോ.സജീവ് ഭാസ്‌കർ, രാജീവ് ഭാസ്‌കർ. മരുമക്കൾ: ഡോ.സലീന, അനിജ. ചെറുമക്കൾ: അർജുൻ, നിതിൻ, ഗൗരി ഭാസ്‌കരൻ.