
തിരുവനന്തപുരം: ടൂറിസം വകുപ്പിലെ പദ്ധതികളുടെ നിർവഹണത്തിനും മേൽനോട്ടത്തിനുമായി എൻജിനിയറിംഗ് വിഭാഗം സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 10 തസ്തികകൾ 3 വർഷത്തേക്ക് താത്കാലികമായി സൃഷ്ടിച്ച് അന്യത്ര സേവന വ്യവസ്ഥയിൽ നിയമനങ്ങൾ നടത്തും. അസി. എൻജിനിയർ - 2, അസി. എക്സിക്യൂട്ടീവ് എൻജിനിയർ - 7, എക്സിക്യൂട്ടീവ് എൻജിനിയർ -1 എന്നിങ്ങനെയാണ് തസ്തികകൾ.
തിരുവനന്തപുരം, കോട്ടയം, തൃശ്ശൂർ, കോഴിക്കോട് എന്നീ നാല് മെന്റൽ ഹെൽത്ത് റിവ്യു ബോർഡുകളിൽ തസ്തികകൾ സൃഷ്ടിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. അസിസ്റ്റന്റ് - നാല്, സ്റ്റെനോ ടൈപ്പിസ്റ്റ് - നാല്, ഓഫീസ് അറ്റൻഡന്റ് - നാല്, സെക്യൂരിറ്റി പേഴ്സണൽ - മൂന്ന്, ക്യാഷ്വൽ സ്വീപ്പർ - നാല് എന്നിങ്ങനെയാണ് തസ്തികകൾ.
പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നും വർക്കിംഗ് അറേഞ്ച്‌മെന്റ് വ്യവസ്ഥയിൽ കൈറ്റ് മാസ്റ്റർ ട്രെയിനർമാരായി നിയമിച്ച അധ്യാപകരെ 2024 മേയ് 31വരെ തുടരാൻ അനുവദിക്കും.പ്രൊട്ടക്ടഡ് അധ്യാപകരെ ലഭിക്കാത്ത അവസരങ്ങളിൽ അധിക സാമ്പത്തിക ബാദ്ധ്യത ഇല്ലാതെ ദിവസവേതനാടിസ്ഥാനത്തിൽ ഇവരെ നിയോഗിക്കാം. ഇതിനുള്ള വേതനം കൈറ്റ് സ്കൂളുകൾക്ക് നൽകണം.
പവർഗ്രിഡിന്റെ 400 കെ.വി ഇടമൺ - കൊച്ചി ട്രാൻസ്മിഷൻ പദ്ധതിയുടെ സ്ഥലം ഏറ്റെടുക്കുന്നതിന് രൂപീകരിച്ച സ്പെഷ്യൽ തഹസിൽദാർ (എൽ.എ) പവർഗ്രിഡ്, കൊല്ലം യൂണിറ്റിന്റെ പ്രവർത്തനം നിറുത്തലാക്കി അവിടത്തെ 11 ജീവനക്കാരെ പുനർവിന്യസിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഇടുക്കി ജില്ലയിൽ രവീന്ദ്രൻ പട്ടയം റദ്ദാക്കലും, അർഹമായ കേസുകളിൽ പുതിയ പട്ടയങ്ങൾ അനുവദിക്കുന്നതിനുമുള്ള ലാൻഡ് അസൈൻമെന്റ് യൂണിറ്റ് താത്കാലികമായി ഒരു വർഷത്തേക്ക് രൂപീകരിച്ചാണ് ഇവരെ പുനർവിന്യസിക്കുക.