photo

തിരുവനന്തപുരം: ഒന്നാം ക്ളാസിലെ പാഠപുസ്തകത്തിൽ മാത്രം അക്ഷരമാല മതിയെന്ന് തീരുമാനിച്ച പൊതുവിദ്യാഭ്യാസ വകുപ്പ്, ഒന്നാം ക്ളാസിൽ കുട്ടി അക്ഷരമാല ഹൃദിസ്ഥമാക്കിയെന്ന് ഉറപ്പാക്കേണ്ട ചുമതല അദ്ധ്യാപകർക്കാണെന്ന് വ്യക്തമാക്കുന്നു. ഇതിനായി പ്രത്യേകം നിർദ്ദേശം നൽകേണ്ടതില്ലെന്നും അദ്ധ്യാപകരുടെ ഡ്യൂട്ടിയാണെന്നും വിദ്യാഭ്യാസമന്ത്രി പറയുന്നു.

പുതിയ പാഠ്യപദ്ധതി അനുസരിച്ച് ഒന്നാംക്ളാസിലെ മലയാളം പാഠാവലിയുടെ രണ്ട് വോള്യങ്ങളിൽ മാത്രമേ അക്ഷരമാല ഉൾപ്പെടുത്തിയിട്ടുള്ളൂ. ഭാഷാ മാർഗനിർദ്ദേശക സമിതിയുടെ ശുപാർശയെത്തുടർന്ന് കഴിഞ്ഞ അദ്ധ്യയന വർഷം ഒന്ന്,​ രണ്ട് ക്ളാസുകളിലെ മലയാളം പാഠാവലിയിൽ അക്ഷരമാല ഉൾപ്പെടുത്തിയിരുന്നു.

സ്വരാക്ഷരങ്ങളിൽ അം- ന് ഒപ്പം അനുസ്വാരം എന്നും അഃ - യ്ക്ക് ഒപ്പം വിസർഗം എന്നും ചേർത്തതും ഭാഷാ മാർഗനിർദ്ദേശക സമിതിയുടെ നിർദ്ദേശപ്രകാരമായിരുന്നു.

പരിഷ്കരിച്ച പാഠ്യപദ്ധതി അനുസരിച്ച് അക്ഷരമാല ഒന്നാം ക്ളാസിൽ മാത്രം മതിയെന്ന് തീരുമാനിക്കാനുണ്ടായ കാരണം ഒന്നാം ക്ളാസിൽത കുട്ടി അക്ഷരം പഠിച്ചിരിക്കണം എന്നതാണ്.

'പ്രൈമറി ക്ളാസുകളിലെ മലയാളം പാഠാവലിയിൽ അക്ഷരമാല ഉൾപ്പെടുത്തുന്നത് കുട്ടികളുടെ മനസിൽ അക്ഷരങ്ങൾ ഉറയ്ക്കാൻ സഹായിക്കും. ഒന്ന് മുതൽ നാല് വരെ ക്ളാസുകളിലെ പാഠപുസ്തകങ്ങളിലൂടെ അക്ഷരം മനസിലുറച്ചാൽ യു.പി. ക്ളാസുകളിലെത്തുമ്പോഴേക്കും കുട്ടി തെറ്റ് കൂടാതെ എഴുതാനും വായിക്കാനുമുള്ള കഴിവ് നേടും'.

-വി.പി.ജോയ്

ഭാഷാ മാർഗനിർദ്ദേശ

സമിതി ചെയർമാൻ