
തിരുവനന്തപുരം: ഭരണഘടന അനുശാസിക്കുന്ന ശാസ്ത്രബോധത്തിൽ നിന്ന് സമൂഹം വിട്ടുനിൽക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് കവയിത്രി കനിമൊഴി കരുണാനിധി എം.പി അഭിപ്രായപ്പെട്ടു. ഗ്ലോബൽ സയൻസ് ഫെസ്റ്റിനോടനുബന്ധിച്ച് തോന്നയ്‌ക്കൽ ബയോ 360 ലൈഫ് സയൻസ് പാർക്കിൽ 'പൊയട്രി ഒഫ് സയൻസ്' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ.
ശാസ്ത്രത്തെ പുരാണമായും പുരാണത്തെ ശാസ്ത്രമായും സമൂഹം വളച്ചൊടിക്കുന്നു. യുക്തിയില്ലാത്ത വാദങ്ങളോട് പ്രതികരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. ചില ഭക്ഷണങ്ങൾ കഴിക്കുന്നതുകൊണ്ട്,ചില വസ്ത്രങ്ങൾ അണിയുന്നതുകൊണ്ട്,ചിലർ സമൂഹത്തിൽ നിന്ന് മാറ്റിനിറുത്തപ്പെടുന്നു. 2000വർഷം മുമ്പുള്ള കവികൾ ദൈവങ്ങളെപ്പോലും ചോദ്യം ചെയ്‌തു. നമ്മുടെ ഭൂരിഭാഗം ഡി.എൻ.എയും ചിമ്പാൻസികളിൽ നിന്നാണ് വന്നതെങ്കിൽ ജാതി,മതം എന്നീ വാക്കുകൾക്ക് പ്രസക്തിയില്ലല്ലോ. കേരളത്തിലും തമിഴ്നാട്ടിലും രാഷ്ട്രീയവും കവിതയും ബന്ധപ്പെട്ടിരിക്കുന്നു. ശാസ്ത്രത്തെ മറ്റൊരു സംസ്ഥാനവും ഇത്രയധികം ആഘോഷമാക്കുന്നില്ല. പ്രകൃതി നമ്മളോട് സംസാരിക്കുന്ന ഭാഷയാണ് ശാസ്ത്രം. കൊവിഡിലൂടെ മനുഷ്യനും ശാസ്ത്രവും പ്രകൃതിക്ക് മുന്നിൽ എത്ര ചെറുതാണെന്ന് മനസിലാക്കാനായെന്നും അവർ കൂട്ടിച്ചേർത്തു.
പ്രദർശനം നാളെ മുതൽ
നാളെ മുതൽ പൊതുജനങ്ങൾക്കുള്ള പ്രദർശനം ആരംഭിക്കുമെന്ന് സംഘാടകർ പറഞ്ഞു. ടിക്കറ്റുകൾ
ഓൺലൈൻ വഴിയും 20 മുതൽ വേദിയിൽ സജ്ജീകരിച്ച കൗണ്ടറുകളിൽ നിന്ന് നേരിട്ടും ലഭിക്കും.