തിരുവനന്തപുരം: എല്ലാവരെയും തുല്യരായി കാണുന്ന, ഐക്യവും ശാന്തിയുമുള്ള രാജ്യത്തെ തിരിച്ചുപിടിക്കാൻ കവിതയ്‌ക്കും സാഹിത്യത്തിനും കഴിയുമെന്ന് കനിമൊഴി കരുണാനിധി എം.പി. പ്രഭാവർമ്മയുടെ 'ഒറ്റിക്കൊടുത്താലും എന്നെയെൻ സ്നേഹമേ ' എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു കനിമൊഴി. മൂല്യങ്ങളെ മടക്കിക്കൊണ്ടുവരാനും സമൂഹത്തെ മാറ്റിയെടുക്കാനും കവിതയ്‌ക്കു കഴിവുണ്ട്. ചിലപ്പതികാരത്തിൽ നീതിരാഹിത്യത്തിനെതിരെയാണ് കണ്ണകി തന്റെ ചിലമ്പുടച്ചത് .ആ ചിലമ്പ് ഒരു ശക്തിയാണ്. രാജവാഴ്ചയെയും രാജാവിനെയും നശിപ്പിക്കുകയും മധുരാനഗരം ചുട്ടെരിക്കുകയും ചെയ്ത ശക്തിയാണ് അതിലുള്ളത്.
കേരളത്തിലെ സാഹിത്യോത്സവങ്ങളിൽ പങ്കെടുക്കുന്നത് ഏറെ സന്തോഷം നൽകുന്നതാണ്. കവിതാ പുസ്തകങ്ങളുടെ പ്രകാശനച്ചടങ്ങിൽ ഹാൾ നിറഞ്ഞ് സദസ്യർ എത്തുന്നത് കേരളത്തിലെ മാത്രം കാഴ്ചയാണ്. പുതുകവിതയും ക്‌ളാസിക്ക് കവിതയും ഒരുപോലെ അംഗീകരിക്കപ്പെടുന്നതും കേരളത്തിലാണെന്നും കനിമൊഴി പറഞ്ഞു.
മുൻ ചീഫ് സെക്രട്ടറി ആർ.രാമചന്ദ്രൻ നായർ അദ്ധ്യക്ഷനായി. ഡോ. രാജശ്രീവാര്യർ പുസ്തകം ഏറ്റുവാങ്ങി. രവി ഡിസി , ഡോ. സി.ഉദയകല, എസ് .മഹാദേവൻ തമ്പി , ഡോ .കായംകുളം യൂനുസ് എന്നിവർ സംസാരിച്ചു. ഡോ. കെ.ആർ.ശ്യാമ കാവ്യാലാപനം നടത്തി.
വിപണിയുടെ വ്യവസ്ഥകൾ നോക്കിയല്ല, മനഃസാക്ഷിയുടെ നിബന്ധനകൾ നോക്കിയാണ് താൻ കവിത എഴുതുന്നതെന്ന് പ്രഭാവർമ്മ മറുപടി പ്രസംഗത്തിൽ പറഞ്ഞു. കവിതകൾ നന്നായി വിറ്റുപോകുന്നു എന്നത് ആശ്വാസമാണ്. ചെയ്തതൊന്നും പാഴായിപ്പോയിട്ടില്ല എന്നാണ് വായനക്കാരുടെ പ്രതികരണങ്ങളിൽ നിന്നു മനസിലായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.