
തിരുവനന്തപുരം: ബ്രിട്ടീഷുകാർ നൽകാമെന്നു പറഞ്ഞ വിമാനം വിലയ്‌ക്ക് വാങ്ങാനുള്ള ആസ്‌തിയുണ്ടായിരുന്നിട്ടും വ്യവസായിയായിരുന്ന കെ.ഭാസ്‌കരന് അത് നടക്കാതെ പോയതിലുള്ള നിരാശയുണ്ടായിരുന്നു. പിൽക്കാലത്ത് അദ്ദേഹം പലരോടും നിരാശ പ്രകടിപ്പിക്കുകയും ചെയ്‌തു. ബുധനാഴ്‌ച നിര്യാതനായ വ്യവസായിയും ബ്രിട്ടീഷ് കോൺട്രാക്ടറുമായിരുന്ന കെ.ഭാസ്‌കരന്റെ ജീവിതം ഇതുപോലെ ധാരാളം അപൂർവതകൾ നിറഞ്ഞതാണ്.
ശ്രീനാരായണ ഗുരുദേവൻ മടിയിലിരുത്തി സൂര്യനെ ഒന്നുനോക്കിയ ശേഷമാണ് ഭാസ്‌കരൻ എന്ന പേര് ചൊല്ലിവിളിച്ചത്. ബ്രിട്ടീഷ് സൈന്യത്തിനുവേണ്ടി ബങ്കറുകളും മറ്റും നിർമ്മിച്ചു നൽകുന്നതിനുള്ള സാധനങ്ങളും ഉപകരണങ്ങളും വിതരണം ചെയ്യുന്ന കോൺട്രാക്ടറായിരുന്നു. ബ്രിട്ടീഷുകാരുടെ ആവശ്യപ്രകാരം മദ്രാസ്,ബോംബെ (ഇന്നത്തെ മുംബയ്) അടക്കമുള്ള ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും ഭാസ്‌കരൻ യാത്ര ചെയ്യുമായിരുന്നു. അന്ന് തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാളിന്റെ കൊട്ടാരം വൈദ്യനായിരുന്നു ഭാസ്‌കരന്റെ പിതാവ് തനിവിള കുഞ്ഞിരാമൻ. അതിനാൽ ഭാസ്‌കരനും കൊട്ടാരവുമായി അടുത്ത ബന്ധമാണുണ്ടായിരുന്നത്. ബ്രിട്ടീഷുകാർക്ക് വേണ്ടി ജോലി ചെയ്‌തിരുന്നതിനാൽ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായും ബന്ധമുണ്ടായിരുന്നു.
ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോകാൻ തീരുമാനിച്ച കാലത്താണ് ഭാസ്‌കരൻ വിമാനം വാങ്ങാനാലോചിച്ചത്. 10,000 രൂപയ്‌ക്ക് വിമാനം വാങ്ങാനും ധാരണയായി. എന്നാൽ മഹാരാജാവിന് പോലും വിമാനമില്ലെന്നും അപ്പോഴാണോ നീ വിമാനം വാങ്ങുന്നതെന്നും ചോദിച്ച് മഹാരാജാവിന്റെ പേഴ്സണൽ സെക്രട്ടറി ഭാസ്‌കരനെ നിരുത്സാഹപ്പെടുത്തി. ഇതോടെ അദ്ദേഹം പിന്മാറുകയായിരുന്നു. അന്ന് ആ വിമാനം വാങ്ങിയിരുന്നെങ്കിൽ സ്വന്തമായി വിമാനം വാങ്ങുന്ന മലയാളിയെന്ന ഖ്യാതി തനിക്കായിരുന്നേനെയെന്ന് പിൽക്കാലത്ത് അദ്ദേഹം അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.
പിതാവിനെപ്പോലെ മുന്തിയ ഇനം കാറുകളോടും ഭാസ്‌കരന് ഭ്രമമായിരുന്നു. അന്നത്തെ കാലത്തെ വിലകൂടിയ ഹമ്പർ സൂപ്പർ സ്നൈപ്പ്,ബ്യൂക് റോഡ് മാസ്റ്റർ,എക്‌സ് എക്‌സ് തുടങ്ങിയ കാറുകൾ അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ടായിരുന്നു. 1941ൽ കൊല്ലത്തെ കരിയിൽ എന്ന സ്ഥലത്തുചെന്ന് ഫോർഡ് കാർ വാങ്ങിയതും സാഹസപ്പെട്ടായിരുന്നു. കാർ വാങ്ങാനായി അദ്ദേഹമെത്തുമ്പോൾ നേരം ഇരുട്ടി. എന്നാൽ അവിടെയൊരു വീട്ടിൽ താമസിച്ച ശേഷം അടുത്തദിവസം കാറുമായി മാത്രമേ അദ്ദേഹം വീട്ടിലക്ക് മടങ്ങിയുള്ളൂ. മുൻ മന്ത്രിയായിരുന്ന സി.പി.എം നേതാവ് എം.എൻ.ഗോവിന്ദൻ നായർ ഒളിവിൽ കഴിഞ്ഞത് ഭാസ്‌കരന്റെ പിതാവിന്റെ വൈദ്യശാലയിലായിരുന്നു. പൊലീസ് ഈ വിവരമറിഞ്ഞതിനെ തുടർന്ന് വേഷപ്രച്ഛന്നനായി ഗോവിന്ദൻ നായർ രക്ഷപ്പെട്ടതും ഭാസ്‌കരന്റെ സാന്നിദ്ധ്യത്തിലായിരുന്നു.
കുതിരസവാരിയിൽ കമ്പമുണ്ടായിരുന്ന അദ്ദേഹം വൈകുന്നേരങ്ങളിൽ കുതിരപ്പുറത്ത് കൊല്ലത്തെ തെരുവിലൂടെ സഞ്ചരിക്കുന്നത് കാണാൻ യുവതികളടക്കം നിരവധിപ്പേർ കാത്തുനിൽക്കുമായിരുന്നു. ഫോട്ടോഗ്രഫിയിൽ പാടവമുണ്ടായിരുന്ന ഭാസ്‌കരന് മൂവി ക്യാമറയും സ്വന്തമായുണ്ടായിരുന്നു. യാത്രയ്ക്കിടെ മദ്രാസിലെ ഹോട്ടലിൽ വച്ച് ഇംഗ്ളീഷ് കവി സോമർസെറ്റ് മോമുമായി നേരിട്ട് സംഭാഷണം നടത്താനും അദ്ദേഹത്തിന് അവസരം ലഭിച്ചു.