p

തിരുവനന്തപുരം: പൊലീസിൽ ഡി.ജി.പി റാങ്കിൽ വിരമിച്ച ഡോ.ബി.സന്ധ്യയെ റിയൽ എസ്റ്റേറ്റ് പദ്ധതികളുടെ നിരീക്ഷണത്തിനായുള്ള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിട്ടി (കെ-റെറ) അംഗമായി നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. റിയൽ എസ്റ്റേറ്റ് തട്ടിപ്പുകൾ തടയുകയാണ് റെറയുടെ ലക്ഷ്യം.

ഗവ. സെക്രട്ടറി പദവിയുള്ള തസ്തികയാണ്. ഡി.ജി.പിയായി അവസാനം വാങ്ങിയ ശമ്പളത്തിൽ (രണ്ടര ലക്ഷത്തോളം രൂപ) പെൻഷൻ കഴിച്ചുള്ള തുക പ്രതിഫലമായി ലഭിക്കും.

സംസ്ഥാനത്ത് പൊലീസ് മേധാവിയാവുന്ന ആദ്യ വനിത എന്ന ചരിത്രം കുറിക്കേണ്ടിയിരുന്ന സന്ധ്യക്ക് ആ പദവി സർക്കാർ നൽകിയിരുന്നില്ല. ഡി.ജി.പി റാങ്കിലെത്തിയ സന്ധ്യയെ തഴഞ്ഞ് ജൂനിയറായിരുന്ന അനിൽകാന്തിനെയാണ് പൊലീസ് മേധാവിയാക്കിയത്. സംസ്ഥാന അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അംഗമായി നിയമിക്കപ്പെടാൻ സന്ധ്യ അപേക്ഷിച്ചിരുന്നു. ഈ പദവിയിൽ അനിൽകാന്തിനെ നിയമിക്കുമെന്നാണ് അറിയുന്നത്.

പാലായിലെ സാധാരണ കുടുംബത്തിൽ നിന്ന് പഠിച്ചുയർന്ന് 1988ൽ ഇരുപത്തിയഞ്ചാം വയസിൽ ഐ.പി.എസ് നേടിയ സന്ധ്യ, കുറ്റാന്വേഷകയായും സ്ത്രീസുരക്ഷാ പദ്ധതികളുടെ അമരക്കാരിയായും ഫയർഫോഴ്സ്, ജയിൽ, പരിശീലനം, ബറ്റാലിയൻ മേധാവിയായും തിളങ്ങിയിട്ടുണ്ട്. 2007ൽ സന്ധ്യ തുടക്കമിട്ട ജനമൈത്രി പൊലീസിംഗ് പിന്നീട് പല ലോകരാജ്യങ്ങളും സ്വീകരിച്ചിട്ടുണ്ട്. 2006ലും 2014ലും രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ലഭിച്ചു.

പത്ത് കൃതികൾ പ്രസിദ്ധീകരിച്ചു. നീലക്കൊടുവേലിയുടെ കാവൽക്കാരി എന്ന കൃതിക്ക് ഇടശേരി അവാർഡും കുട്ടികളുടെ നോവലായ ആറ്റക്കിളിക്കുന്നിലെ അത്ഭുതങ്ങൾക്ക് അബുദാബി ശക്തി അവാർഡും ലഭിച്ചു. 'കേരളകൗമുദി'യിൽ 'മിഴിയോരം' എന്നപേരിൽ സന്ധ്യ പ്രതിവാരകോളം എഴുതിയിരുന്നു. സന്ധ്യക്ക് മുമ്പ് ഡി.ജി.പി റാങ്ക് ലഭിച്ച വനിത ആർ. ശ്രീലേഖയാണ്.

രജിസ്ട്രേഷൻ വേണം

500ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തീർണമുള്ള ഭൂമി വ്യവസായ - താമസ ആവശ്യങ്ങൾക്കായി പ്ലോട്ടുകളാക്കി വികസിപ്പിച്ച് വിപണനം നടത്തുന്നതിന് റെറ രജിസ്ട്രേഷൻ നിർബന്ധമാണ്.