
തെളിവുശേഖരണം വഴിപാട് ശിക്ഷാനിരക്ക് 16 %
തിരുവനന്തപുരം: സ്കൂൾ പാഠപുസ്തകങ്ങളിൽ പോക്സോ നിയമം ഉൾപ്പെടുത്തി കുട്ടികളെ ബോധവത്കരിക്കാൻ പാഠ്യപദ്ധതി പരിഷ്ക്കരിക്കുമ്പോൾ പൊലീസിന്റെ സമീപനത്തിൽ കൂടി മാറ്റം വേണമെന്ന വാദം ശക്തമാവുന്നു . തെളിവു ശേഖരണത്തിൽ പൊലീസ് വീഴ്ച വരുത്തുകയും ഒത്തുകളിക്കുകയും ചെയ്യുന്നതു കാരണം പല പോക്സോ കേസുകളിലും തോൽക്കുന്ന സംഭവങ്ങൾ അടുത്തിടെയായി റിപ്പോർട്ട് ചെയ്യുന്നുണ്ട് . .കേരളത്തിൽ ശിക്ഷാനിരക്ക് 16ശതമാനം പോലുമില്ല. നിരവധി കേസുകളിൽ പൊലീസിന്റെ ജാഗ്രതക്കുറവുകൊണ്ട് പ്രതികൾ രക്ഷപെടുകയും ചെയ്തു.
മൂന്നു വർഷം തടവു മുതൽ വധശിക്ഷ വരെ കിട്ടാവുന്ന പോക്സോ കേസുകളിൽ അന്വേഷണത്തിന് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ പ്രത്യേക വിഭാഗം രൂപീകരിക്കുമെന്ന പ്രഖ്യാപനം നടപ്പായിട്ടില്ല. ഗൗരവമുള്ള കേസുകൾ ഡി.ഐ.ജിമാരും ജില്ലാ പൊലീസ് മേധാവികളും പരിശോധിക്കണമെന്നാണ് ഡി.ജി.പിയുടെ നിർദ്ദേശം. പക്ഷെ അത് പാലിക്കപ്പെടുന്നില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നുണ്ട്.
2013-18കാലത്ത് വിചാരണ നടന്ന 1255കേസുകളിൽ ശിക്ഷിക്കപ്പെട്ടത് 230ൽ മാത്രമാണ്.
വൈദ്യപരിശോധനയ്ക്ക് കുട്ടി വിസമ്മതിച്ചെന്ന് രേഖയുണ്ടാക്കി കേസ് ദുർബലമാക്കുന്നതും പതിവാണ്. പേടിയും കുടുംബത്തിന്റെ അഭിമാനവും കാരണം ഇരകൾ പിന്മാറുന്നു.
അതിരുവിട്ട ചോദ്യങ്ങൾ,
പിന്മാറാൻ ഭീഷണി
ഇരയെയും കുടുംബാംഗങ്ങളെയും സ്റ്റേഷനിൽ വിളിച്ചു വരുത്തി മാരത്തോൺ മൊഴിയെടുക്കലാണ് അട്ടിമറിയുടെ തുടക്കം. വനിതാ എസ്.ഐയാണ് മൊഴിയെടുക്കേണ്ടതെങ്കിലും ചോദ്യംചെയ്യുക പുരുഷന്മാരായിരിക്കും.
ഇരയെ സ്റ്രേഷനിൽ വിളിച്ചുവരുത്തരുതെന്നും ഒരു തവണ വീട്ടിലെത്തി മൊഴിയെടുക്കണമെന്നുമാണ് നിയമം. അതിരുവിട്ട ചോദ്യങ്ങൾ കാരണം ഇരകൾ കേസ് വേണ്ടെന്നുവച്ച സംഭവങ്ങൾ നിരവധി. ഇരകളെ ഭീഷണിപ്പെടുത്തി പിന്മാറ്റുന്നുമുണ്ട്.
54:
പോക്സോ
കോടതികൾ
8506:
തീർപ്പാക്കാനുള്ള
കേസുകൾ
1384:
തിരുവനന്തപുരത്തെ കേസുകൾ
(ജില്ലാടിസ്ഥാനത്തിൽ
ഏറ്റവും കൂടുതൽ)
ശിക്ഷാനിരക്ക്
ഉയർത്താൻ
അതിജീവിതയുടെയും സാക്ഷികളുടെയും രഹസ്യമൊഴിയെടുക്കണം
തെളിവുകൾ ജില്ലാ നോഡൽ ഓഫീസർ പരിശോധിക്കണം
അതിജീവിത കൂറുമാറിയാൽ നഷ്ടപരിഹാരം തിരിച്ചു പിടിക്കണം
ബന്ധുക്കൾ പ്രതിയായ കേസിൽ ഇരയെ സുരക്ഷിതമായി പാർപ്പിക്കണം
പ്രതി സ്വാധീനിക്കാൻ ശ്രമിച്ചാൽ അക്കാര്യം കോടതിയെ അറിയിക്കണം
(പൊലീസ് ഹൈക്കോടതിയിൽ നൽകിയ ശുപാർശകൾ)