
തിരുവനന്തപുരം: അതീവ ഗുരുതര കുറ്റകൃത്യങ്ങൾ ഒഴികെ, ജീവിതത്തിലാദ്യമായി കുറ്റം ചെയ്ത് 10വർഷം വരെ ശിക്ഷിക്കപ്പെട്ടവരിൽ പകുതി ശിക്ഷ അനുഭവിച്ചവരെ വിട്ടയയ‌്‌ക്കാൻ മന്ത്രിസഭാ തീരുമാനം. രാഷ്ട്രീയ കേസുകളിലേതടക്കം നൂറുണക്കിന് തടവുകാർക്ക് പ്രയോജനം ലഭിക്കും. സുപ്രീംകോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണിത്. നല്ലനടപ്പ് നിർദ്ദേശിച്ചായിരിക്കും ഇളവ്. തടവുകാരെ മാനസിക പരിവർത്തനത്തിലൂടെ ഉത്തമ പൗരന്മാരാക്കി പുനരധിവസിപ്പിക്കുകയാണ് ലക്ഷ്യം.
തടവുശിക്ഷയ്ക്കിടെ വിവിധ ഘട്ടങ്ങളിൽ ലഭിക്കുന്ന ഇളവ് ഉൾപ്പെടാതെ, പകുതി ശിക്ഷ പൂർത്തിയാക്കിയവരെയാവും ഇളവിന് പരിഗണിക്കുക. മുൻപ് പ്രത്യേക ശിക്ഷായിളവോ സ്വാതന്ത്ര്യദിനം, കേരളപ്പിറവി പോലെ വിശേഷാവസരങ്ങളിലെ ഇളവോ ലഭിച്ചവർക്ക് ആനുകൂല്യം കിട്ടില്ല.
ആഭ്യന്തര സെക്രട്ടറി, നിയമ സെക്രട്ടറി, പൊലീസ് മേധാവി, ജയിൽ ഡി.ജി.പി എന്നിവരുടെ സമിതിയാവും ഇളവു നൽകേണ്ടവരുടെ പട്ടികയുണ്ടാക്കുക. ഇളവിന് മന്ത്രിസഭയുടെ ശുപാർശയും ഗവർണറുടെ അനുമതിയും വേണ്ടിവരും. പുറത്തിറങ്ങിയാൽ പ്രശ്‌നമുണ്ടാകുമോ എന്നുള്ള പൊലീസ് റിപ്പോർട്ടും പരിഗണിക്കും.
ജയിലുകളെ തെറ്റുതിരുത്തൽ, പുനരധിവാസ കേന്ദ്രങ്ങളാക്കി മാറ്രുകയാണ് ലക്ഷ്യം.
ആദ്യമായി കുറ്റംചെയ്തവർ കുടുംബവുമായും സമൂഹവുമായും ഇടപെടുമ്പോൾ കുറ്റവാസന ഇല്ലാതാവുമെന്ന് വിലയിരുത്തിയാണ് ഇളവിന് സുപ്രീംകോടതി നിർദ്ദേശിച്ചത്.
ഉപാധികൾ
ഭാവിയിൽ കുറ്റകൃത്യങ്ങൾ ചെയ്യരുതെന്ന കർശന നിർദ്ദേശം.
വിട്ടയയ്‌ക്കുന്നവരെ കർശന നിരീക്ഷണത്തിലാക്കും.
വ്യവസ്ഥകൾ ലംഘിച്ചാൽ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാം.
കുറ്റത്തിന്റെ സ്വഭാവം, തടവുകാരന്റെ പ്രായം, കുടുംബപശ്ചാത്തലം പരിഗണിക്കും.
പീഡകർക്കും ലഹരിക്കാർക്കും ഇളവില്ല
പീഡന - തീവ്രവാദ- പോക്സോ-മയക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ടവർ, അന്യസംസ്ഥാന കോടതികൾ ശിക്ഷിച്ചവർക്കും വിദേശപൗരന്മാർക്കും ടാഡ- പോട്ട-യുഎപിഎ, ദേശീയ സുരക്ഷാനിയമം,ഔദ്യോഗിക രഹസ്യനിയമം, വിമാനറാഞ്ചൽ കേസുകൾ, രാജ്യദ്രോഹം എന്നിവയിൽ ശിക്ഷിക്കപ്പെട്ടവർക്കും ഇളവില്ല.
ഇളവുകൾ വന്നവഴി
ജീവപര്യന്തക്കാരെ14വർഷം കഴിഞ്ഞിട്ടും ശിക്ഷായിളവിനുള്ള അപേക്ഷ പരിഗണിക്കാതെ തടവിലിട്ടതിന് ഛത്തീസ്ഗഡ് ജയിൽ വകുപ്പിനെതിരെ സുപ്രീംകോടതി കേസെടുത്തിരുന്നു.
ഇളവുകളടക്കം 25വർഷത്തിലധികം തടവുകാരെ ജയിലിൽ ഇടരുതെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവുണ്ട്.
ഇളവ് നൽകാത്തതിന് തടവുകാരുടെ അപ്പീൽ പരിഗണിക്കാനും, ശിക്ഷായിളവോടെ വിട്ടയയ്ക്കാനും സർക്കാരിന് ശുപാർശ നൽകാൻ റിട്ട. ഹൈക്കോടതി ജഡ്ജി അദ്ധ്യക്ഷനായ ഉന്നതതല സമിതിയുണ്ട്.
''വളരെ അർഹയുള്ളവർക്കേ ഇളവുനൽകാവൂ. മാനസാന്തരത്തിന് സാദ്ധ്യതയുണ്ടോ, ക്രമസമാധാനപ്രശ്നമുണ്ടാവുമോ എന്നടക്കം പരിശോധിക്കണം. ഇളവുകൊടുത്താൽ വിപരീതഫലമുണ്ടാവരുത് ''
-ജസ്റ്റിസ് ബി.കെമാൽപാഷ
ഹൈക്കോടതി റിട്ട.ജഡ്ജി