
തിരുവനന്തപുരം: മാലിന്യക്കൂമ്പാരത്തെ മനോഹരമായ വിശ്രമകേന്ദ്രവും അഡ്വഞ്ചർ പാർക്കുമായി മാറ്റി ഒരുകൂട്ടം വിദ്യാർത്ഥികൾ. പാങ്ങോട് പഞ്ചായത്തിലെ അയിരുമുക്കിൽ മന്നാനിയ കോളേജ് എൻ.എസ്.എസ്. വോളന്റിയർമാർ ഒരുക്കിയ വിശ്രമകേന്ദ്രവും ചെറുറൈഡുകൾ നിറഞ്ഞ അഡ്വഞ്ചർപാർക്കുമാണ് നാടിനു പ്രിയങ്കരമാവുന്നത്.മാലിന്യമുക്ത നവകേരളം എന്ന ആശയത്തിലൂന്നി കേരള സർവകലാശാല സംഘടിപ്പിച്ച അവധിക്കാല എൻ.എസ്.എസ് ക്യാമ്പിന്റെ ഭാഗമായാണ് മനോഹരമായ ഈ ഉദ്യമം പിറവികൊണ്ടത്. അയിരുമുക്കിൽ സ്‌നേഹാരാമവും തുമ്പൂർമൂഴി എന്ന സ്ഥലത്ത് വാഴത്തോട്ടവും പച്ചക്കറിത്തോട്ടവുമാണ് കുട്ടികൾ തയ്യാറാക്കിയത്.ചുരുങ്ങിയ ദിവസങ്ങളിൽ രാപ്പകൽ വ്യത്യാസമില്ലാത്ത കഠിനാദ്ധ്വാനമാണ് വലിയ വിജയത്തിന് പിന്നിലെ കരുത്ത്.കാമ്പസും പരിസരവും വൃത്തിയാക്കൽ, പൊതിച്ചോറ് വിതരണം, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ, ട്രൈബൽ സ്‌കൂൾ സന്ദർശനം, പഠനോപകരണ വിതരണം, പിന്നാക്ക പ്രദേശങ്ങളിലെ വീടുകളുടെ നവീകരണം എന്നിവയെല്ലാം ക്യാമ്പ് അംഗങ്ങളുടെ പ്രവർത്തനങ്ങളിൽപ്പെടുന്നു.
പ്രിൻസിപ്പൽ പി.നസീർ വിശ്രമകേന്ദ്രവും പാർക്കും നാടിന് സമർപ്പിച്ചു.