തിരുവനന്തപുരം: ദേശീയപാത 66ലെ കണിയാപുരം ജംഗ്ഷനിൽ എലിവേറ്റഡ് കോറിഡോർ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ജി.ആർ. അനിലും കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തും. ഫെബ്രുവരി ആദ്യയാഴ്ച ഡൽഹിയിലാണ് കൂടിക്കാഴ്ച. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരമാണ് കേന്ദ്രമന്ത്രിയെ സന്ദർശിക്കുന്നത്.
ദേശീയപാത വികസനത്തിന്റെ ഭാഗമായി കണിയാപുരം ജംഗ്ഷനിൽ ഇരുവശവും കോൺക്രീറ്റ് മതിലുകൾ ഉയർത്തി അതിനുമുകളിലാണ് പുതിയ പാത നിർമ്മിക്കുന്നത്. ഇതുമൂലം കണിയാപുരം പ്രദേശം രണ്ടായി വിഭജിക്കപ്പെടുകയും ഹൈവേയുടെ ഇരുവശങ്ങളിലുമുള്ള ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുകയും ചെയ്യും. ഇതുസംബന്ധിച്ച് ദേശീയപാത പ്രോജക്ട് ഡയറക്ടർക്കും റീജിയണൽ ഓഫീസർക്കും മന്ത്രി അനിൽ വിശദമായ പ്രപ്പോസൽ നൽകിയിരുന്നു. കൂടാതെ 2022 ഡിസംബറിൽ കേന്ദ്രമന്ത്രി ഗഡ്കരിക്ക് കത്തും നൽകിയിരുന്നു. 7 സ്പാനുകളുള്ള 210 മീറ്റർ എലിവേറ്റഡ് കോറിഡോർ നിർമ്മിക്കുന്നതിലൂടെ ഈ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയുമെന്നാണ് പ്രപ്പോസലിലെ നിർദ്ദേശം. വിഷയത്തിൽ അനുകൂല നടപടി ഉണ്ടാകാത്തതിനെത്തുടർന്ന് മന്ത്രി അനിലിന്റെ നേതൃത്വത്തിൽ എൽ.ഡി.എഫ് നേതാക്കൾ മുഖ്യമന്ത്രിയെ കണ്ടിരുന്നു.