p-rajjev

തിരുവനന്തപുരം:കാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ സ്ഥാപിക്കാൻ 78 വിദ്യാഭ്യാസ സ്ഥാപനങ്ങൾ താത്‌പര്യം അറിയിച്ചതായി മന്ത്രി പി രാജീവ് പറഞ്ഞു. 16 പാർക്കുകൾക്ക് അനുമതി നൽകി. മൂന്നു മാസത്തിനകം ശേഷിക്കുന്ന പാർക്കുകൾക്കും അനുമതി നൽകും.

വ്യവസായ എസ്‌റ്റേറ്റുകളിലെ ഭൂമി കൈമാറ്റ ചട്ടഭേദഗതി സംബന്ധിച്ച് കേരള ചെറുകിട വ്യവസായ അസോസിയേഷൻ (കെ.എസ്.എസ്‌.ഐ.എ) സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
എല്ലാ ജില്ലയിലും സഹകരണ വ്യവസായ പാർക്കുകൾ ആരംഭിക്കും. വ്യവസായരംഗത്ത് കേരളത്തിലുണ്ടായ മാറ്റം വേണ്ടത്ര ചർച്ചയാവുന്നില്ല. തമിഴ്നാട്ടിൽ ഒരുലക്ഷം കോടിയുടെ നിക്ഷേപ വാഗ്ദാനം കേരളത്തിലെ മാദ്ധ്യമങ്ങളിൽ വലിയ വാർത്തയാണ്. എന്നാൽ, കേരളത്തിൽ 91,000 കോടിയുടെ നിക്ഷേപമെത്തിയത് വാർത്തയേ

അല്ല. ഒമ്പതു മാസത്തിനിടെ കേരളത്തിലെ ബാങ്കുകൾ എം.എസ്.എം.ഇ മേഖലയ്ക്കുമാത്രം 81,000 കോടി വായ്പ നൽകി. കൊച്ചിയിൽ 4000 കോടിയുടെ പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്. കേരളത്തിൽ മികച്ച തൊഴിൽ അന്തരീക്ഷമുള്ളതിനാലാണ് കൂടുതൽ നിക്ഷേപിക്കാൻ തയ്യാറാകുന്നത്.
വ്യവസായികളുടെ വർഷങ്ങളായുള്ള ആവശ്യത്തിനാണ് ഭൂമി കൈമാറ്റ ചട്ടഭേദഗതിയിലൂടെ പരിഹാരമായത്. ഇതിന്റെ ഗുണം നാടിനുണ്ടാകണം. വ്യവസായ എസ്‌റ്റേറ്റുകളിൽ ഒരുതുണ്ട് ഭൂമിപോലും ഒഴിഞ്ഞുകിടക്കരുതെന്നും അദ്ദേഹം പറഞ്ഞു.

സംരംഭകരുടെ മനസറിഞ്ഞുള്ളതാണ് ഭൂമി കൈമാറ്റ ചട്ടഭേദഗതിയെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. ചട്ടഭേദഗതിക്ക് നേതൃത്വം നൽകിയ രണ്ട് മന്ത്രിമാരെയും അസോസിയേഷൻ ആദരിച്ചു. അസോസിയേഷൻ പ്രസിഡന്റ് എ.നിസാറുദ്ദീൻ അദ്ധ്യക്ഷനായി.