തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് കെ.എസ്.ഇ.ബിയിൽ വൈദ്യുതി ബില്ലടയ്ക്കുന്നതിനുള്ള ഒരുമനെറ്റ് സോഫ്ട്‌വെയറിന്റെ പ്രവർത്തനം ഇന്നലെ തടസ്സപ്പെട്ടു. ഇതോടെ ഗൂഗിൾ പേ, ആമസോൺ പേ, പേ ടി.എം, തുടങ്ങിയ ബി.ബി.പി.എസ് സംവിധാനങ്ങൾ, അക്ഷയ, ഫ്രണ്ട്സ് എന്നിവയിലൂടെ ബില്ലടയ്ക്കാനായില്ല. അതേസമയം ബാങ്കുകളിലൂടെയും കെ.എസ്.ഇ.ബിയുടെ ഉപഭോക്തൃ സേവന വെബ്സൈറ്റായ wss.kseb.in ലൂടെ ബില്ലടക്കുന്നതിന് തടസമുണ്ടായില്ല. കെ.എസ്.ഇ.ബിയുടെ സെക്ഷൻ ഒാഫീസുകളിലെ കാഷ് കൗണ്ടറുകളിൽ ബില്ലടയ്ക്കാൻ സംവിധാനമുണ്ട്. സെർവറിൽ പതിവ് മെയിന്റനൻസ് നടത്തുന്നതിനിടയിലാണ് തകരാർ കണ്ടെത്തിയത്. തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ പുരോഗിക്കുകയാണെന്നും ഇന്ന് രാവിലെയോടെ പൂർവ്വസ്ഥിതിയിലാകുമെന്നും അധികൃതർ അറിയിച്ചു.