തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ പൂജിച്ച ഓണവില്ലുകൾ അയോദ്ധ്യയിലെ ശ്രീരാമസ്വാമിയുടെ പ്രാണ പ്രതിഷ്ഠയുടെ ചടങ്ങിനായി കൈമാറി.ഇന്നലെ വൈകിട്ട് കിഴക്കേനടയിലെ പദ്മതീർത്ഥക്കരയിൽ ഭക്തരുടെ സാന്നിദ്ധ്യത്തിൽ ക്ഷേത്രം തന്ത്രി തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാട് ഭരണസമിതി അംഗങ്ങളായ അവിട്ടം തിരുനാൾ അദിത്യവർമ,തുളസി ഭാസ്‌കരൻ,എക്സിക്യൂട്ടീവ് ഓഫീസർ ബി.മഹേഷ്,മാനേജർ ബി.ശ്രീകുമാർ എന്നിവർ ശ്രീപദ്മനാഭനന്റെ അനന്തശയനമുള്ള രണ്ടു ഓണവില്ലുകൾ സമർപ്പിച്ചു. ശ്രീരാമതീർത്ഥം ക്ഷേത്ര ട്രസ്റ്റിന്റെ കേരളത്തിലെ പ്രതിനിധികളായ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് വത്സൻ തില്ലങ്കേരി, മുൻ ഡി.ജി.പി ടി.പി.സെൻകുമാർ,ആർ.എസ്.എസ് ഭാരവാഹി എം.മുരളി,ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി മോക്ഷവ്രതാനന്ദ, സ്വാമി ഹരിഹരാനന്ദ സരസ്വതി എന്നിവരാണ് ഏറ്റുവാങ്ങിയത്. എട്ടരയോഗത്തിലെ പോറ്റിമാർ പങ്കെടുത്തു. അലങ്കരിച്ച രഥത്തിൽ ഓണവില്ലുകളുമായി നഗരപ്രദക്ഷിണം നടത്തി. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ മൂന്നുദിവസം വില്ലുകൾ പൂജിച്ചിരുന്നു. എറണാകുളം പാവക്കുളം ക്ഷേത്രത്തിലേക്കാണ് വില്ലുകൾ കൊണ്ടുപോകുന്നത്. അവിടെ നിന്ന് 21ന് വിമാനമാർഗം അയോദ്ധ്യയിലെ രാമക്ഷേത്രത്തിലെത്തിക്കും.