1

വിഴിഞ്ഞം: തുറമുഖ നിർമ്മാണ കമ്പനിയുടെ ബാർജിൽ നിന്നും ടഗ്ഗിൽ നിന്നും ഡീസൽ മോഷണം നടത്തിയ നാലംഗ സംഘം അറസ്റ്റിൽ. ഒരാൾ ഓടി രക്ഷപ്പെട്ടു. വിഴിഞ്ഞം കോട്ടപ്പുറം കരടിവിള വീട്ടിൽ ദിലീപ്(32), കോട്ടപ്പുറം ഇലവിള കോളനിയിൽ ജീവാഭവനിൽ ശ്യാം(24), കോട്ടപ്പുറം ചരുവിള കോളനിയിൽ നിന്ന് മുല്ലൂർ കലുങ്ക്നട സുനാമി കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന റോബിൻ(37), മുക്കോല കാഞ്ഞിരവിള വീട്ടിൽ ഷിജിൻ(21) എന്നിവരെയാണ് പിടികൂടിയത്.ഇവർക്കൊപ്പമുണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടു.

57 കന്നാസുകളിലായി 35 ലിറ്റർ വീതം നിറച്ച 2000ത്തോളം ലിറ്റർ ഡീസൽ, ഇവ കടലിൽ നിന്ന് കടത്തിക്കൊണ്ടുവരാനായി ഉപയോഗിച്ച വള്ളം, ഡീസൽ ഊറ്റിയെടുക്കാനുള്ള അനുബന്ധ ഉപകരണങ്ങൾ, കയറ്റികൊണ്ടുപോയി മറ്റിടങ്ങളിൽ വില്പന നടത്താൻ ഉപയോഗിച്ച പിക്കപ് വാൻ, പ്രതികൾ ഉപയോഗിച്ചിരുന്ന ബൈക്കുകൾ എന്നിവയും പൊലീസ് പിടിച്ചെടുത്തു. വിഴിഞ്ഞം എസ്.ഐ ജി.വിനോദിന് ലഭിച്ച പരാതിയെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി നടത്തിയ നിരീക്ഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

കഴിഞ്ഞ ദിവസം ടഗ്ഗ്, ബാർജ് എന്നിവയിൽ നിന്ന് മോഷ്ടിച്ച് 1800 ഓളം ലിറ്റർ നിറച്ച കന്നാസുകൾ വള്ളത്തിലാക്കി പഴയ വാർഫിൽ എത്തിച്ച് വാനിൽ കയറ്റുന്നതിനിടെയാണ് പൊലീസ് ഈ സംഘത്തെ പിടികൂടിയത്. വാൻ ഡ്രൈവർ ഓടി രക്ഷപ്പെട്ടുവെന്ന് എസ്.എച്ച്.ഒ പ്രജീഷ് ശശി പറഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇവർ ഡീസൽ മോഷണം നടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഓരോ ആഴ്ചയിലും മൂന്ന് തവണയായായിരുന്നു മോഷണം.കുറഞ്ഞ വിലയ്ക്കാണ് വില്പന നടത്തിയിരുന്നത്.