തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ മാത്രം പ്രത്യേകതയായ ഡബിൾ ഡക്കർ ബസുകളിലൊന്നിനെ 'നാടുകടത്താൻ' ഉന്നതതല ആലോചന. ബസിനെ തലശ്ശേരിയിലേക്ക് കൊണ്ടുപോകാനാണ് ശ്രമം.
ഇവിടെ പുതിയതായി രണ്ട് ഇലക്ട്രിക് ഡബിൾ ഡക്കർ വന്ന സ്ഥിതിക്ക് പൈതൃക അടയാളമായ ബസിനെ തലശ്ശേരി-മാഹി സർവീസിനായി ഉപയോഗിക്കാനാണ് അണിയറ നീക്കം. 1965 66 കാലത്താണ് കേരളത്തിൽ ആദ്യമായി തിരുവനന്തപുരത്ത് ഡബിൾ ഡക്കർ ബസ് സർവീസ് ആരംഭിക്കുന്നത്. ആദ്യം കിഴക്കേകോട്ടയിൽ നിന്ന് കേശവദാസപുരം വഴി മെഡിക്കൽ കോളേജിലേക്കും പിന്നീട് ശാസ്‌തമംഗലേത്തേക്കും ശംഖുംമുഖത്തേക്കുമായി സർവീസ്.
രണ്ടു ബസുകളിലൊന്ന് ഇപ്പോൾ രണ്ടാംനില ഓപ്പണാക്കി ടൂറിസം പദ്ധതിക്കായി ഉപയോഗിക്കുകയാണ്. സാധാരണ സർവീസിനായി ഒരു ബസ് മാത്രമാണുള്ളത്. പുതിയതായി വാങ്ങിയ രണ്ട് ഇ ഡബിൾ ഡക്കറും ബഡ്‌ജറ്റ് ടൂറിസം പദ്ധതിക്ക് വേണ്ടിയുള്ളതാണ്. തിരുവനന്തപുരത്തിനു പുറമെ പിന്നീട് കൊച്ചിയിൽ മാത്രമാണ് ഡബിൾ ഡക്കർ സർവീസ് ആരംഭിച്ചത്.