പാലോട്: ഗ്രാമീണ മേഖലയുടെ നെടുതൂണായ പശുവളർത്തലിൽ വിജയക്കൊടി പാറിക്കുകയാണ് നന്ദിയോട്ടെ ക്ഷീര കർഷകർ. വാമനപുരം നദിയെ പ്രയോജനപ്പെടുത്തി കാലിവളർത്തലിൽ ഏർപ്പെടുന്നവർ നിരവധിയാണ്. ഇവരുടെയെല്ലാം ഉപജീവനമാർഗം കൂടിയാണ് കാലിവളർത്തൽ. കൊവിഡ് കാലം എല്ലാ മേഖലയേയും തകർത്തെങ്കിലും ഇവിടുത്തെ ക്ഷീരകർഷകരെ കൊവിഡ് തെല്ലും ബാധിച്ചിട്ടില്ല. പാൽ ലഭ്യത കണക്കിലെടുത്ത് സങ്കരയിനം പശുക്കളെയാണ് കർഷകർ വളർത്തുന്നത്. കൃത്യമായ പരിചരണം ലഭ്യമായതിനാൽ മികച്ച പാൽ ഉത്പാദനവും ലഭിക്കും. രണ്ടോ മൂന്നോ പശുക്കളുള്ള കർഷകരാണ് ഗ്രാമപ്രദേശങ്ങളിൽ കൂടുതലും. ഇവരുടെ ഉപജീവനമാർഗ്ഗം കൂടിയാണ് കാലിവളർത്തൽ. വീടുകളിൽ നിന്ന് ലഭിക്കുന്ന പാൽ ചെറിയ സംഘങ്ങളിലെത്തിച്ച് അവിടെനിന്ന് ശേഖരിക്കുന്ന പാൽ നന്ദിയോട് പ്രവർത്തിക്കുന്ന മിൽമയുടെ ഫില്ലിംഗ് പ്ലാന്റിൽ എത്തിച്ച് ശുദ്ധീകരിച്ച് മിൽമയുടെ അമ്പലത്തറയിലെ പ്ലാന്റിലെത്തിക്കുകയാണ് ചെയ്യുന്നത്.

നന്ദിയോട് മേഖലയിൽത്തന്നെ മിൽമയുടെ ഏഴോളം പാൽ സംഭരണകേന്ദ്രങ്ങളുണ്ട്. ഇത്തരത്തിൽ 5000 ലിറ്ററോളം പാൽ ദിവസവും അമ്പലത്തറയിലെത്തുന്നുണ്ട്.

 വില്ലനായി ചർമ്മമുഴ

ഗ്രാമീണ മേഖലയിലെ ക്ഷീരമേഖലയ്ക്ക് ഭീഷണിയായി പശുക്കളിലെ ചർമ്മമുഴരോഗം. കാപ്രിപോക്സ് വിഭാഗത്തിൽപ്പെടുന്ന ലംപി സ്കിൻ ഡിസീസ് വൈറസ് മൂലമുണ്ടാകുന്ന ഒരു സാംക്രമിക രോഗമാണ് 'ചർമ്മ മുഴ രോഗം'. കന്നുകാലികളെ ബാധിക്കുന്ന ഈ രോഗം മനുഷ്യരെയോ മറ്റു വളർത്തുമൃഗങ്ങളെയോ ബാധിക്കുകയില്ല. രോഗത്തിന്റെ പകർച്ചാനിരക്ക് 10 മുതൽ 20 ശതമാനവും മരണനിരക്ക് ഒന്നു മുതൽ 5 ശതമാനവുമാണ്. രോഗവാഹകരായ ചിലയിനം ചെള്ളുകൾ, സ്റ്റോമോക്സിസ് ഇനത്തിൽ പെട്ട കടിയീച്ചകൾ, ചിലയിനം കൊതുകുകൾ വഴിയാണ് രോഗം പകരുന്നത്. രോഗബാധയുള്ള മൃഗങ്ങളുമായുള്ള നേരിട്ടുള്ള സമ്പർക്കം മൂലവും, കറവപ്പശുക്കളിൽ നിന്നും പാൽ വഴി പശുക്കിടാവുകളിലേക്കും അപൂർവ്വമായി രോഗം പകരാറുണ്ട്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് 4 മുതൽ 28 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാറുണ്ട്. ഈ രോഗബാധ നിയന്ത്രിക്കുന്നതിൽ ഗ്രാമീണ മേഖല വിജയിച്ചിട്ടുണ്ട്.