വിതുര: പൊടിയക്കാല മേഖലയിൽ കാട്ടുമൃഗശല്യം രൂക്ഷം. കാട്ടാന, കാട്ടുപോത്ത്, കരടി, പുലി, പന്നി എന്നിവയാണ് മേഖലയിൽ ഭീതിയും നാശവും പരത്തിവിഹരിക്കുന്നത്. കാട്ടുമൃഗശല്യം മൂലം പൊടിയക്കാലയിൽ കൃഷി അന്യമായിക്കൊണ്ടിരിക്കുന്നു. വർഷങ്ങളായി ഇതാണിവിടത്തെ അവസ്ഥ. കഴിഞ്ഞ ദിവസം രാവിലെ കാട്ടുപോത്തിന്റെ ആക്രമണത്തിൽ പൊടിയക്കാല കുന്നുംപുറത്ത് വീട്ടിൽ തങ്കപ്പൻകാണിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തങ്കപ്പൻകാണി ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വനത്തിൽ നിന്നും വെള്ളം ശേഖരിച്ചുകൊണ്ടുനിന്ന തങ്കപ്പൻകാണിയെ കൂറ്റൻ കാട്ടുപോത്ത് ഇടിച്ച് വീഴ്ത്തുകയായിരുന്നു. നിലവിളികേട്ട് ബന്ധുക്കളും സമീപവാസികളുമെത്തിയപ്പോൾ കാട്ടുപോത്ത് വനത്തിനുള്ളിലേക്ക് പോയി. രണ്ടാഴ്ച മുൻപ് വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ പോയ കുന്നുംപുറത്ത് വീട്ടിൽ രാജേന്ദ്രൻകാണിയെ കരടി ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. കാട്ടുകിഴങ്ങ് ശേഖരിക്കാൻ പോയ രാജേന്ദ്രൻകാണിയുടെ നിലവിളികേട്ട് പ്രദേശവാസികൾ എത്തിയപ്പോൾ ഇയാളെ കരടി നിലത്തിട്ട് കടിക്കുകയായിരുന്നു. ബഹളം കൂട്ടിയതോടെ കരടി ഉൾവനത്തിലേക്ക് ഓടിക്കയറി. പൊടിയക്കാലയിൽ നിന്നും വിതുരയിലേക്ക് പുറപ്പെട്ട വിദ്യാർത്ഥികളെ കാട്ടാനകൾ ആക്രമിച്ച സംഭവവുമുണ്ടായിട്ടുണ്ട്. രണ്ടാഴ്ച മുൻപ് പ്രദേശത്ത് പുലിയിറങ്ങി വളർത്തുനായ്ക്കളെ കൊന്നിരുന്നു.
 കാട്ടിൽക്കയറാൻ കഴിയില്ല
കാട്ടുമൃഗശല്യം രൂക്ഷമായതോടെ ഉപജീവനത്തിനായി വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽക്കയറാൻ കഴിയാത്ത അവസ്ഥയാണെന്ന് ആദിവാസികൾ പറയുന്നു. മാത്രമല്ല പകൽസമയത്തുപോലും ഇവിടെ കാട്ടുമൃഗങ്ങളിറങ്ങി ഭീതി പരത്തുന്നു. രാത്രിയിലാവട്ടെ പുറത്തിറങ്ങാനും വയ്യ. വർദ്ധിച്ചുവരുന്ന കാട്ടുമൃഗശല്യത്തിന് തടയിടണമെന്നാവശ്യപ്പെട്ട് ആദിവാസികൾ നൽകിയ നിവേദനങ്ങൾക്ക് എണ്ണമില്ല. നിരവധി തവണ സമരങ്ങളും നടത്തി. വൈദ്യുതിവേലിയും ആനക്കിടങ്ങും സ്ഥാപിക്കുമെന്ന് പ്രഖ്യാപനം നടത്തിയെങ്കിലും പിന്നീട് അനക്കമില്ല.
 പൊടിയക്കാല നിവാസികൾ
പേപ്പാറ ഡാമിനായി കുടിയിറക്കപ്പെട്ടവരാണ് പൊടിയക്കാലയിൽ അധിവസിക്കുന്നത്. കുടിയൊഴിപ്പിച്ചപ്പോൾ നൽകിയ വാഗ്ദ്ധാനങ്ങളിൽ ഭൂരിഭാഗവും കാൽനൂറ്റാണ്ട് കഴിഞ്ഞിട്ടും യാഥാർത്ഥ്യമാക്കിയിട്ടില്ലെന്ന് ആദിവാസികൾ പറയുന്നു. വാസയോഗ്യമായ വീട്, അഞ്ചേക്കർ സ്ഥലം, റോഡ്, വൈദ്യുതി, ജോലി എന്നീ മോഹനസുന്ദരവാഗ്ദ്ധാനങ്ങൾ നടത്തിയാണ് പേപ്പാറയിൽ നിന്നും പൊടിയക്കാലയിലേക്ക് മാറ്റിപ്പാർപ്പിച്ചത്. എന്നാൽ ഇതോടെ ഇവരുടെ ജീവിതം കൂടുതൽ സങ്കീർണമാവുകയായിരുന്നു.