space

തിരുവനന്തപുരം:ഇന്ത്യ ബഹിരാകാശത്ത് സ്ഥാപിക്കുന്ന സ്ഥിരം നിലയമായ ഭാരതീയ അന്തരീക്ഷ സ്റ്റേഷന്റെ ആദ്യപരീക്ഷണം അടുത്തവർഷം നടക്കും. സ്റ്റേഷന്റെ എട്ട് ടൺ ഭാരമുള്ള റോബോട്ടിക്ക് ആം മൊഡ്യൂൾ ആണ് പരീക്ഷിക്കുക. സ്പെയ്സ് സ്റ്റേഷനിലേക്ക് കയറാനും പുറത്തേക്ക് പോകാനും സൗകര്യമൊരുക്കുന്ന മൊഡ്യൂളാണിത്. ഭാവിയിൽ ഭൂമിയിൽ നിന്ന് സഞ്ചാരികളും സാമഗ്രികളുമായി നിലയത്തിലേക്ക് പോവുകയും മടങ്ങുകയും ചെയ്യുന്ന പേടകങ്ങളുടെ ഡോക്കിംഗ്, അൺ ഡോക്കിംഗ് മൊഡ്യൂളാണിത്. അന്താരാഷ്ട്ര സ്പെയ്സ് ശാസ്ത്രജ്ഞരുടെ സഹായത്തോടെയാണിത് നിർവ്വഹിക്കുക.

സ്പെയ്സ് സ്റ്റേഷനുവേണ്ടി വിക്ഷേപണ റോക്കറ്റുകൾ, എൻജിനിയറിംഗ്, മെഡിക്കൽ, ബയോളജിക്കൽ, പരിശീലനം, വാർത്താവിനിമയം തുടങ്ങിയ നിരവധി അനുബന്ധ സംവിധാനങ്ങളും ഒരുക്കുന്നുണ്ട്.

ഗഗൻയാൻ അടുത്ത കൊല്ലം

ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യദൗത്യമായ ഗഗൻയാൻ അടുത്തവർഷമാണ് നടത്തുക. ഇതിന്റെ ആളില്ലാ ക്രൂമൊഡ്യൂളിന്റെ പരീക്ഷണ വിക്ഷേപണം ഇൗ വർഷം നടക്കും. രണ്ടു പരീക്ഷണ വിക്ഷേപണങ്ങൾക്ക് ശേഷമാവും ഗഗൻയാൻ വിക്ഷേപണം. മൂന്ന് ഇന്ത്യൻ സഞ്ചാരികൾ മൂന്ന് ദിവസം ബഹിരാകാശത്ത് കഴിയുന്നതാണ് പദ്ധതി.10,000കോടി രൂപയാണ് ചെലവ്. ഗഗൻയാൻ ഒരുക്കങ്ങൾ അന്ത്യഘട്ടത്തിലാണ്. അതിന് ശേഷമായിരിക്കും സ്പെയ്സ് സ്റ്റേഷൻ പരീക്ഷണങ്ങൾ തുടങ്ങുക.

സ്പെയ്സ് സ്റ്റേഷന് വൻ ചെലവ്

നിലവിലെ അന്താരാഷ്ട്ര സ്പെയ്സ് സ്റ്റേഷന്റെ ചെലവ് 15 ലക്ഷം കോടി രൂപയാണ്. ഒരു വർഷം സ്പെയ്സ് സ്റ്റേഷൻ നിലനിറുത്താൻ 45,000 കോടി രൂപ വേണമെന്നാണ് നാസയുടെ കണക്ക്. അമേരിക്കയുടെ നേതൃത്വത്തിൽ റഷ്യയും ജപ്പാനും കാനഡയും ര പത്തോളം യൂറോപ്യൻ രാജ്യങ്ങളും സംയുക്തമായാണ് ഇത് നടത്തികൊണ്ടുപോകുന്നത്. പത്തു വർഷത്തിനിടെ 20 രാജ്യങ്ങളിലെ 258 പേരാണ് സ്പെയ്സ് സ്റ്റേഷൻ സന്ദർശിച്ചിട്ടുള്ളത്. ചെെന സ്പെയ്സ് സ്റ്റേഷൻ നിർമ്മാണം തുടങ്ങിയിട്ടുണ്ട്. ഇൗ വർഷം വിക്ഷേപിക്കുകയാണ് ലക്ഷ്യം.

ഇന്ത്യ സ്പെയ്സ് സ്റ്റേഷൻ പദ്ധതി നാലുവർഷം മുമ്പ് പ്രഖ്യാപിച്ചെങ്കിലും കൊവിഡ് മൂലം വൈകി. 2030ൽ നടപ്പാക്കാനിരുന്നത് 2035ലേക്ക് മാറ്റി. ആദ്യ പരീക്ഷണ വിക്ഷേപണം 2028ൽ നടത്താനാണ് പദ്ധതി. 25 ടൺ ഭാരമുള്ള സ്പെയ്സ് സ്റ്റേഷൻ 400കിലോമീറ്റർ മുകളിൽ ഭൂമിയെ ചുറ്റും. നിലവിൽ 15000കോടി രൂപ സ്പെയ്സ് സ്റ്റേഷനായി അനുവദിച്ചിട്ടുണ്ട്.

സ്പെയ്സ് സ്റ്റേഷന് നാല് മൊഡ്യൂളുകൾ

ക്രൂ കമാൻഡ് മൊഡ്യൂൾ

ഹാബിറ്റാറ്റ് മൊഡ്യൂൾ

പ്രൊപ്പൽഷൻ മൊഡ്യൂൾ

റോബോട്ടിക്ക് ആം മൊഡ്യൂൾ (ഡോക്കിംഗ് അൺ ഡോക്കിംഗ് മൊഡ്യൂൾ)